പാലക്കാട് : കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽമുറികളിൽ പൊലീസ് പരിശോധന. കോൺഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണയുടെയും ഷാനിമോൾ ഉസ്മാൻ്റെയും ഹോട്ടൽമുറികളിലാണ് പരിശോധന നടത്തിയത്. കള്ളപ്പണം കൊണ്ടുവന്നതെന്ന് ആരോപിച്ചായിരുന്നു പൊലീസിൻ്റെ പരിശോധന. വളരെ മോശം പെരുമാറ്റമാണ് പോലീസിന്റെ ഭാഗത്തുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു.
പരിശോധനയിൽ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. രാത്രി 12 മണിയോടെയായിരുന്നു സൗത്ത്, നോർത്ത് പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘം സംയുക്തമായി ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്. എന്നാൽ പതിവ് പരിശോധന മാത്രമാണെന്നും 12-ഓളം മുറികൾ പരിശോധിച്ചെന്നും എഎസ്പി അശ്വതി ജിജി അറിയിച്ചു.
ഹോട്ടലിൽ പണപ്പെട്ടിയുമായി പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ എത്തുന്നുവെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് പരിശോധനയ്ക്കായി പോലീസ് ഹോട്ടലിലെത്തിയത് . തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശത്തിലാണ് റെയ്ഡ് എന്നായിരുന്നു പൊലീസിൻ്റെ വിശദീകരണം. വനിതാ പൊലീസ് ഇല്ലാതെ ഇൻസ്പെക്ടറും കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുമെത്തിയാണ് പരിശോധന നടത്തിയതെന്ന് നേതാക്കൾ ആരോപിച്ചു.
ഇതിനിടെ പുറത്ത് സിപിഎം, ബിജെപി നേതാക്കൾ തടിച്ചുകൂടി. സിപിഎം ബിജെപി പ്രവർത്തകർ ഒരു വശത്തും കോൺഗ്രസ് മറുവശത്തുമായി പലതവണ കയ്യാങ്കളിയുണ്ടായി. ഹോട്ടലിനും അകത്തുവച്ചും പുറത്തുവച്ചും പ്രവർത്തകർ ഏറ്റുമുട്ടി. കോൺഗ്രസ് നേതാക്കൾ ഹോട്ടലിന് അകത്തേക്കും എത്തിയത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
എംപിമാരായ വി.കെ.ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, ജ്യോതികുമാർ ചാമക്കാല എന്നിവർ ഹോട്ടലിലേക്ക് എത്തിയെങ്കിലും കയറ്റിവിട്ടില്ല. അതേസമയം മൂന്നരപതിറ്റാണ്ടായി താൻ രാഷ്ട്രീയത്തിലുണ്ടെന്നും , സ്ത്രീ എന്ന രീതിയിൽ അപമാനം ഉണ്ടായതായും ഷാനിമോൾ ഉസ്മാൻ പറഞ്ഞു.വനിതാ പോലീസ് ശരീരപരിശോധന നടത്തി . വസ്ത്രങ്ങളും മറ്റും വാരിവലിച്ചിട്ടു . റെയ്ഡിന്റെ വിവരങ്ങൾ എഴുതി തരാൻ പറഞ്ഞിട്ടും പ്രതികരണമുണ്ടായില്ലെന്നും ഷാനിമോൾ പറഞ്ഞു.