മലപ്പുറം: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ (29) ആണ് മരിച്ചത്. ഒമ്പത് മാസം ഗർഭിണിയായ നൗഷിജയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോപണം. യുവതിയുടെ സഹോദരന്റെ പരാതിയിൽ തൃത്താല പൊലീസ് കേസെടുത്തു.
കഴിഞ്ഞ 16നാണ് നൗഷിജയെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20 നു രാവിലെ പത്തരയ്ക്ക് ശ്വാസ തടസ്സവും ബ്ളീഡിങ്ങും ഉണ്ടായതിനെ തുടർന്ന് നൗഷിജയെ വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇതോടെയാണ് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം ഉയർന്നത്.
തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഹൃദയാഘാതമാകാം മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ ദിവസങ്ങൾക്ക് മുൻപാണ് സസ്പെൻഡ് ചെയ്തത് .

