പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ലൈംഗിക പരാമർശം നടത്തിയതിന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെതിരെ കേസെടുക്കാൻ നിയമോപദേശം തേടാൻ പോലീസ് . മൂന്നാമതൊരാൾ പരാതി നൽകിയതിനാൽ നിയമോപദേശമില്ലാതെ നടപടിയെടുക്കില്ലെന്നാണ് പോലീസ് നിലപാട്. സുരേഷ് ബാബുവിനെതിരായ രണ്ട് പരാതികളും പാലക്കാട് എസ്പി നോർത്ത് പോലീസിന് കൈമാറും.
ആലത്തൂരിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവും പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും സുരേഷ് ബാബുവിനെതിരെ പരാതി നൽകിയിട്ടുണ്ട്. കേസെടുത്താൽ സാധുതയുണ്ടാകുമോ? കേസിൽ എന്തെങ്കിലും കഴമ്പുണ്ടോ എന്ന അറിയാനാണ് നിയമോപദേശം തേടുന്നത് . കേസുമായി ബന്ധപ്പെട്ട വീഡിയോ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഷാഫി പറമ്പിലിന്റെ മൊഴിയും രജിസ്റ്റർ ചെയ്യും. ഷാഫി പറമ്പിൽ നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും പോലീസ് അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധ പരിപാടികൾ നടത്താനും പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ലൈംഗിക ആരോപണം നേരിടുന്ന എംഎൽഎയെ കോൺഗ്രസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലിനെ വെല്ലുവിളിക്കുകയാണെന്ന് പറഞ്ഞാണ് സുരേഷ് ബാബു പ്രസ്താവന നടത്തിയത്. ഷാഫിയും രാഹുലും ഒരു പോലെയാണെന്നും, സുന്ദരിയായ യുവതിയെ കണ്ടാൽ രാഹുലിന്റെ ഹെഡ്മാസ്റ്റർ അവരെ ബെംഗളൂരുവിലേക്ക് ട്രിപ്പിന് ക്ഷണിക്കുമെന്നാണ് സുരേഷ് ബാബു പറഞ്ഞത്.

