തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയെന്ന ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് . കേസെടുക്കാൻ തെളിവുകളോ രേഖകളോ തങ്ങളുടെ പക്കലില്ലെന്നും പോലീസ് വ്യക്തമാക്കി. തൃശൂരിൽ സുരേഷ് ഗോപിയെയും കുടുംബത്തെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ടിഎൻ പ്രതാപൻ നൽകിയ പരാതിയിലാണ് പോലീസ് നടപടി.
സുരേഷ് ഗോപിയും കുടുംബവും വ്യാജ രേഖകൾ നിർമ്മിച്ച് തങ്ങളുടെ വോട്ടുകൾ തൃശൂരിലേക്ക് മാറ്റിയതായി പ്രതാപൻ തന്റെ പരാതിയിൽ ആരോപിച്ചു. ഓഗസ്റ്റ് 12 നാണ് പ്രതാപൻ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത് . പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ കേസ് ഫയൽ ചെയ്യാനും ടിഎൻ പ്രതാപനോട് പോലീസ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിച്ചുകഴിഞ്ഞാൽ കേസ് ഫയൽ ചെയ്യുന്ന കാര്യം പുനഃപരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

