തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കമ്മീഷൻ ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സംസ്ഥാന സർക്കാരിനെയും തുറമുഖ അധികൃതരെയും ഔദ്യോഗിക അറിയിപ്പിലൂടെ അറിയിച്ചു.മെയ് രണ്ടിന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നിർവഹിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കേരള തുറമുഖ മന്ത്രി വി എൻ വാസവൻ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കുന്നതോടെ ലോക സമുദ്ര വ്യാപാര മേഖലയിൽ കേരളം മുൻപന്തിയിലെത്തും. ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമാണ് വിഴിഞ്ഞം.”ഇതുവരെ 263 കപ്പലുകൾ തുറമുഖത്ത് എത്തിയിട്ടുണ്ട്. വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ 5.36 ലക്ഷം യൂണിറ്റ് (ടിഇയു) ചരക്ക് കൈകാര്യം ചെയ്ത് ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിഴിഞ്ഞം മുന്നേറി,” വി എൻ വാസവൻ പറഞ്ഞു.
2024 ജൂലൈ 12 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തുറമുഖത്തിൻ്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്തത് .2024 ഡിസംബർ 3 ന് തുറമുഖത്തിൻ്റെ വാണിജ്യ പ്രവർത്തനം ആരംഭിച്ചു. ട്രയൽ റണ്ണിന് ശേഷം, പ്രധാനമന്ത്രി തീയതി നിശ്ചയിച്ചാലുടൻ കമ്മീഷനിംഗ് നടത്തുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ഏപ്രിൽ 9 ന്, ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ കണ്ടെയ്നർ കപ്പലായ MSC തുർക്കി തുറമുഖത്തെത്തിയിരുന്നു . തുറമുഖത്തിൻ്റെ അടുത്ത രണ്ട് ഘട്ടങ്ങളുടെ നിർമാണത്തിന് മാർച്ചിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിസ്ഥിതി അനുമതി നൽകിയിരുന്നു.
2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ തെക്ക്, പടിഞ്ഞാറൻ തീരങ്ങളിലെ തുറമുഖങ്ങളിലെ ചരക്ക് നീക്കത്തിൽ വിഴിഞ്ഞം തുറമുഖം ഒന്നാം സ്ഥാനത്തെത്തിയതായും പ്രതിമാസം 1 ലക്ഷം ടിഇയു കൈകാര്യം ചെയ്യുന്ന നേട്ടം കൈവരിച്ചതായും വാസവൻ പറഞ്ഞു.വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) കരാർ ഒപ്പിട്ടതോടെ വിഴിഞ്ഞം തുറമുഖത്തിൻ്റെ ആദ്യഘട്ടത്തിലെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും മന്ത്രി പറഞ്ഞു.

