കൊച്ചി: തനിക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് റാപ്പർ വേടൻ . അറസ്റ്റിലായ വേടൻ ജാമ്യം ലഭിച്ചതിനു പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ‘എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരങ്ങളോട് ഞാൻ ഇത് പറയാൻ ആഗ്രഹിക്കുന്നു. പുകവലിയും മദ്യപാനവും ഒരു വലിയ പ്രശ്നമാണ്. ദയവായി നിങ്ങളുടെ സഹോദരനോട് ക്ഷമിക്കൂ. എനിക്ക് ഒരു നല്ല വ്യക്തിയാകാൻ കഴിയുമോ എന്ന് ഞാൻ നോക്കട്ടെ. കേസ് കോടതിയുടെ കൈയിലാണ് ‘ റാപ്പർ വേടൻ പറഞ്ഞു.
മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടർന്ന് വനം വകുപ്പും വേടനെതിരെ കേസ് എടുത്തിരുന്നു. കേസുമായി വേടൻ സഹകരിക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചിരുന്നു. കോടതി ഈ വിവരങ്ങൾ മുഖവിലയ്ക്കെടുത്തതിനാലാണ് വേടന് ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് വേദന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നും കേരളം വിട്ടുപോകരുതെന്നും എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണമെന്നും ഏഴ് ദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സമ്മാനം ഒരു യഥാർത്ഥ പുലിയുടെ പല്ലാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും അറിഞ്ഞിരുന്നെങ്കിൽ അത് ഉപയോഗിക്കില്ലായിരുന്നുവെന്നും വേടൻ കോടതിയെ അറിയിച്ചു.

