കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രവർത്തകൻ പി ഇ ബി മേനോന് അന്തരിച്ചു. 86 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം .ഭൗതികശരീരം വ്യാഴാഴ്ച വൈകുന്നേരം ആലുവയിലെ വസതിയിൽ എത്തിച്ചു. വെള്ളിയാഴ്ച രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം. അന്ത്യകർമ്മങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആലുവ യു സി കോളജിന് സമീപമുള്ള ടി.എൻ. എസ്. ശ്മശാനത്തിലാണ് സംസ്കാരം.
പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് സ്ഥാപനമായ ബാലൻ ആൻഡ് കമ്പനിയുടെ മേധാവിയാണ് പി. ഇ.ബി മേനോൻ. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രവർത്തനത്തിലൂടെയാണ് അദ്ദേഹം സംസ്കാരിക മേഖലയിൽ തുടക്കം കുറിക്കുന്നത്. പിന്നീട് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനങ്ങളിൽ സജീവമായി.
ആർ എസ് എസ് ആലുവ ജില്ലാ സംഘചാലക്, എറണാകുളം വിഭാഗ് സംഘചാലക് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം, 1999ൽ സഹപ്രാന്ത സംഘചാലക് ആയി. 2003ൽ പ്രാന്ത സംഘചാലക് ആയി ചുമതലയേറ്റ അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ആ ചുമതലയിൽ തുടർന്നു.
സേവാഭാരതിയുടെ ദേശീയ വൈസ് പ്രസിഡന്റ് പദവിയും അദ്ദേഹം അലങ്കരിച്ചു.
നടന് മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: വിജയലക്ഷ്മി, മക്കള്‍:വിഷ്ണുപ്രസാദ്, വിഷ്ണുപ്രിയ. മരുമക്കള്‍: അനുപമ, രാജേഷ്. ചെറുമക്കള്‍: നിരഞ്ജന, ഗോവിന്ദ്, ഗായത്രി

