കോട്ടയം : വർഗീയ പരാമർശം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി സി ജോർജിന് ജാമ്യം . ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് 74 കാരനായ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 24 ന് കോടതിയിൽ ഹാജരായ പി സി ജോർജ്ജിനെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന്, വൈദ്യപരിശോധനയ്ക്കായി കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ ഇസിജി ലെവലിൽ വ്യതിയാനം കണ്ടതിനെത്തുടർന്ന് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു.
ടെലിവിഷൻ ചർച്ചയ്ക്കിടെ മുസ്ലീം സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചാണ് ജോർജ്ജിനെതിരെ കേസെടുത്തത്.മുസ്ലീം സമൂഹത്തെ തീവ്രവാദികളും വർഗീയവാദികളുമായി മുദ്രകുത്തി ജോർജ് പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയെന്നാണ് കേസ്.