പത്തനംതിട്ട: ക്രിസ്മസും, ജന്മദിനവുമൊന്നും ആഘോഷിക്കാൻ നിൽക്കാതെയാണ് നിഖിലും , അനുവും വിട പറയുന്നത്. തിങ്കളാഴ്ച അനുവിന്റെ ജന്മദിനമാണ്. മലേഷ്യയിൽ നിന്ന് ഇരുവരും വന്നത് ക്രിസ്മസും , പിറന്നാളും കുടുംബങ്ങൾക്കൊപ്പം ആഘോഷിക്കാനുള്ള സന്തോഷത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് മരിച്ച അനുവും , നിഖിലും നാട്ടുകാർക്കാകെ വേദനയാവുകയാണ് . പുനലൂർ-മൂവാറ്റുപുഴ പാതയിൽ പത്തനംതിട്ട കൂടൽ മുറിഞ്ഞകല്ലിലാണ് അപകടം. അനുവിന്റെയും, നിഖിലിന്റെയും പിതാക്കന്മാരായ മത്തായി ഈപ്പൻ, ബിജു പി ജോർജും എന്നിവരും അപകടത്തിൽ മരണപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
വിവാഹ ശേഷം മലേഷ്യയിൽ ഹണിമൂണിന് പോയ മക്കളെ കൂട്ടികൊണ്ടുവരാനാണ് രണ്ടുപേരുടെയും അച്ഛന്മാർ വിമാനത്താവളത്തിലെത്തിയത്. കൂട്ടി കൊണ്ട് വരുന്നതിനിടയിലാണ് അപകടത്തിൽ പെട്ടത്. 15 ദിവസങ്ങൾക്ക് മുമ്പ് വിവാഹം നടന്ന അതേ പള്ളിയിലാണ് അവസാന യാത്രയ്ക്കായി അവരെത്തുന്നത്. വിദേശത്ത് നിന്നും ബന്ധുക്കൾ എത്തിയതിന് ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് ബന്ധുക്കൾ അറിയിച്ചു