തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാര വിതരണത്തിന് പിന്നാലെ അവാർഡ് ജേതാവിനെ ഫോണിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഡയറക്ടർ പള്ളിയറ ശ്രീധരൻ ക്ഷമാപണം നടത്തി. സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ അടുത്തുനിന്നു എന്ന കാരണത്താൽ ‘നീ ആരാടാ നായേ’ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്തിന്റെ പരാതി. സംഭവം വിവാദമായതോടെ പള്ളിയറ ശ്രീധരൻ വാട്സ്ആപ്പ് വഴിയും സുഹൃത്തുക്കൾ വഴിയും ക്ഷമ ചോദിക്കുകയായിരുന്നു.
അച്ഛനേക്കാൾ പ്രായമുള്ള വയോധികന്റെ ഭാഗത്തുനിന്നുമുള്ള ക്ഷമാപണം സ്വീകരിക്കുന്നുവെന്നാണ് ശ്രീജിത്ത് മൂത്തേടത്തിന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത് . ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനോടോ ഇതിനകം സുഹൃത്തുക്കളായിത്തീർന്ന അവിടുത്തെ ചുമതലക്കാരോടോ യാതൊരു വിരോധവും അനിഷ്ടവുമില്ല. വീട്ടിൽ വന്നപ്പോൾ ഇന്നലെ കിട്ടിയ അവാർഡ് ശില്പം എനിക്കുലഭിച്ച മറ്റ് പുരസ്കാരങ്ങളുടെയൊപ്പം ഷെൽഫിൽ വെക്കാൻ മനസ്സനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവാർഡ് തുകയുടെ ഡ്രാഫ്റ്റ് ബാങ്കിൽ കൊടുക്കാനും തോന്നുന്നില്ല. – എന്നും ശ്രീജിത്ത് മൂത്തേടത്ത് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ഇന്നലെയുണ്ടായ സംഭവത്തിൽ ക്ഷമചോദിച്ചുകൊണ്ടുള്ള പള്ളിയറ ശ്രീധരന്റെ വാട്സ് ആപ്പ് സന്ദേശം ലഭിച്ചു.
ഇന്നലെ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരത്തുനിന്നും തൃശൂരേക്ക് ട്രെയിനിൽ മടക്കയാത്ര തിരിച്ച എനിക്ക് പല കോളുകളും എടുക്കാൻ സാധിച്ചിരുന്നില്ല. പള്ളിയറ ശ്രീധരനും വിളിച്ചിരുന്നുവത്രേ. വീണ്ടും തെറിവിളിക്കാനാണോ എന്ന് ഭയന്ന് ഞാൻ കാൾ എടുത്തില്ല. പിന്നെയും പലതവണ അദ്ദേഹം വിളിച്ചിരുന്നുവെന്ന് വാട്സ് ആപ്പ് സന്ദേശത്തിൽ പറയുന്നു.
എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇദ്ദേഹത്തേക്കാൾ പ്രായം കുറവായിരിക്കും. അതുകൊണ്ടുതന്നെ അച്ഛനേക്കാൾ പ്രായമുള്ള വയോധികന്റെ ഭാഗത്തുനിന്നുമുള്ള ക്ഷമാപണം സ്വീകരിക്കുന്നു.
ഇന്നലെ രാത്രി തൃശൂരിലെ വീട്ടിലെത്തുമ്പോൾ ഒരുമണിയായിട്ടുണ്ടാവും. കടുത്ത മാനസികസംഘർഷം കാരണം നല്ല തലവേദനയുണ്ടായിരുന്നു.
മൈഗ്രൈൻ ഉള്ളതുകൊണ്ട് അതികഠിനമായ വേദനസഹിച്ച് കിടന്ന് രാവിലെയായപ്പോഴെങ്ങാണ്ടാണ് ഉറങ്ങിപ്പോയത്. അപ്പോഴേക്കും ഫോൺ സ്വിച്ച് ഓഫ് ആയിപ്പോയിട്ടുണ്ടാകും. ഇപ്പോൾ എഴുന്നേറ്റ് ഫോൺ ചാർജ്ജ് ചെയ്തപ്പോഴാണ് ധാരാളം മിസ്ഡ് കാൾ ഡീറ്റൈൽസ് മെസേജായി വന്നുകിടക്കുന്നത് കാണുന്നത്. പള്ളിയറ ശ്രീധരൻ എന്റെ സുഹൃത്തുക്കളിൽ പലരെയും വിളിച്ച് സംഭവിച്ചുപോയതിൽ ക്ഷമചോദിക്കുകയും വാട്സ് ആപ്പ് സന്ദേശമയച്ചതായും അറിയാൻ കഴിഞ്ഞു.
എത്രയൊക്കെ ക്രൂരതയനുഭവിക്കേണ്ടി വന്നാലും നമ്മളെല്ലാം മനുഷ്യരല്ലേ. മാനുഷിക പരിഗണനയനുസരിച്ച് അദ്ദേഹത്തിന്റെ തെറിവിളിയോട് എനിക്ക് ക്ഷമിക്കാനാകും. എന്റെ മാതാപിതാക്കൾ പഠിപ്പിച്ച സംസ്കാരമനുസരിച്ച് എനിക്ക് അതേ സാധിക്കൂ.
വളരെ സന്തോഷത്തോടെയായിരുന്നു ഞാനും ഭാര്യയും രണ്ട് മക്കളും മാർച്ച് മൂന്നാം തീയ്യതി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്.
കേന്ദ്രസാഹിത്യ അക്കാദമി അവാർഡിന് ശേഷം ലഭിക്കുന്ന സംസ്ഥാനത്തിന്റെ അംഗീകാരം ഏറ്റുവാങ്ങാൻ. എന്റെ സുഹൃത്തുക്കളേയും ഗുരുതുല്യരായ എന്നെ സ്നേഹിക്കുവന്നവരെയെല്ലാം ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരദാനച്ചടങ്ങിലേക്ക് ഞാൻ ക്ഷണിച്ചിരുന്നു.
പൊങ്കാലയായിരുന്നതുകൊണ്ട് റൂം കിട്ടാനില്ലാതിരുന്നിട്ടും ഹൃദയബന്ധത്താൽ കൂടപ്പിറപ്പുകളായവരുടെ സഹായത്താൽ താമസസൗകര്യവും ബുദ്ധിമുട്ടില്ലാതെ ലഭിച്ചു. നാലാം തീയതി (ഇന്നലെ) രാവിലെ ഭാര്യയോടും കുട്ടികളോടുമൊപ്പം ക്ഷേത്രദർശനം നടത്തി.
നിശ്ചയിക്കപ്പെട്ട സമയത്തിനുമുമ്പുതന്നെ പുരസ്കാരസമർപ്പണ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം പ്രസ് ക്ലബ്ബിലെത്തി. എന്നെ സ്നേഹിക്കുന്നവരെല്ലാം അവിടയെത്തിയിരുന്നു. നേരിട്ടെത്താൻ കഴിയാത്തവർ ഫോണിൽ ആശംസ നേർന്നു.
സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാനായിരുന്നു പുരസ്കാരവിതരണം നടത്തേണ്ടിയിരുന്നത്. അദ്ദേഹത്തിന് എത്താൻ സാധിക്കാതെ വന്നപ്പോൾ സാംസ്കാരികവകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ (ഐ.എ.എസ്.) ആണ് പുരസ്കാരവിതരണം നടത്തിയത്. അവാർഡ് ലഭിച്ച ഞങ്ങൾ, കഥാകൃത്ത് പി.വി. ഷാജി കുമാറും കവി രാവുണ്ണിയുമുൾപ്പെടെ ഒമ്പതുപേരും മുഖ്യാതിഥിയായ ദിവ്യ എസ്. അയ്യരുമൊത്ത് ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. സദസ്സിലിരിക്കുകയായിരുന്ന ഞങ്ങളെ വേദിയിലിരിക്കുന്ന സംഘാടകരോടും മുഖ്യാതിഥിയോടും ഒപ്പം നിർത്തി ഫോട്ടോ എടുക്കുകയായിരുന്നു. അപ്പോൾ ആരൊക്കെ എവിടെയൊക്കെ നിൽക്കുന്നുവെന്നൊന്നും ശ്രദ്ധിച്ചില്ലെന്നതാണ് യാഥാർത്ഥ്യം. നിമിഷങ്ങൾക്കകം ഫോട്ടോയെടുപ്പ് കഴിഞ്ഞ് കാര്യപരിപാടികൾ തുടർന്നു. ഞങ്ങൾ മറുപടിപ്രസംഗം നടത്തി. അതിനിടയിൽ വി.കെ പ്രശാന്ത് എം.എൽ.എ.യും വേദിയിലെത്തി ചുരുങ്ങിയ വാക്കുകളിൽ സന്ദർഭോചിതമായി ആശംസകൾ നേർന്നു. അതിനുശേഷം ഭക്ഷണം പാഴ്സലായി ലഭിച്ചത് റൂമിൽ കൊണ്ടുപോയി കഴിച്ചു.
വൈകുന്നേരം 5 മണിക്കായിരുന്നു തിരിച്ച് തൃശൂരിലേക്കുള്ള ട്രെയിൻ. അതിനുമുമ്പ് കുറച്ചുസമയമുള്ളതുകൊണ്ട് മക്കളെ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള കുതിരമാളിക പാലസ് മ്യൂസിയം കാണിക്കാൻ കൊണ്ടുപോയി. മ്യൂസിയം കാണുമ്പോഴാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരന്റെ ഫോൺ വരുന്നത്. എന്നെ അഭിനന്ദിക്കാനായിരിക്കും വിളിക്കുന്നതെന്ന സന്തോഷത്തോടെയാണ് ഫോൺ എടുത്തത്. പക്ഷേ മനസ്സുമരവിച്ചുപോകുന്ന രീതിയിൽ അസഭ്യപരാമർശങ്ങളോടെയുള്ള ആക്രോശമാണ് കേൾക്കേണ്ടി വന്നത്. സങ്കടം വാക്കുകൾ കൊണ്ട് വെളിവാക്കാനാവില്ല.
മനസ്സിൽ പടുത്തുയർത്തിയ സന്തോഷക്കൊട്ടാരമൊന്നാകെ നിമിഷാർദ്ധത്തിൽ തകർന്നുവീണുപോയി.
പിന്നെന്ത് മ്യൂസിയം കാണൽ! ഭാര്യയും മക്കളും ആകെ സ്തംഭിച്ചുപോയിരുന്നു. അവരെയും കൂട്ടി കരയുന്ന മനസ്സോടെ അവിടെനിന്നും വേഗം പുറത്തിറങ്ങി. കോട്ടയ്ക്കകതത്തുതന്നെയുള്ള സാംസ്കാരിക വകുപ്പിന്റെ ഓഫീസിലേക്ക് പോകാനാണ് തോന്നിയത്. അവിടെ ചെന്ന് അനുഭവിക്കേണ്ടി വന്ന അപമാനത്തിൽ ഒരു പരാതിയെഴുതിക്കൊടുത്തു.
പിന്നെ ഓട്ടോ വിളിച്ച് റെയിൽവേസ്റ്റേഷനിലെത്തി. തിരിച്ചുപോന്നു.
ഇത്രയുമാണ് ഇന്നലെ സംഭവിച്ചത്.
എനിക്ക് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനോടോ ഇതിനകം സുഹൃത്തുക്കളായിത്തീർന്ന അവിടുത്തെ ചുമതലക്കാരോടോ യാതൊരു വിരോധവും അനിഷ്ടവുമില്ല. എന്റെ പുസ്തകം പ്രസിദ്ധീകരിച്ചത് അവരാണല്ലോ. എല്ലാവരോടും ബഹുമാനവും സ്നേഹവും അളവറ്റരീതിയിലുണ്ടുതാനും.
ഡയറക്ടർ ഫോൺ വിളിച്ചതിൽ അവർക്കാർക്കും പങ്കില്ലല്ലോ.
ഇപ്പോൾ വീട്ടിൽ വന്നപ്പോൾ ഇന്നലെ കിട്ടിയ അവാർഡ് ശില്പം എനിക്കുലഭിച്ച മറ്റ് പുരസ്കാരങ്ങളുടെയൊപ്പം ഷെൽഫിൽ വെക്കാൻ മനസ്സനുവദിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അവാർഡ് തുകയുടെ ഡ്രാഫ്റ്റ് ബാങ്കിൽ കൊടുക്കാനും തോന്നുന്നില്ല. ഞാനതൊക്കെ പൊതിഞ്ഞുകെട്ടി അലമാരയുടെ ഒരുമൂലയിൽ വച്ചിരിക്കുകയാണിപ്പോൾ. മനസ്സ് ശാന്തമായതിനുശേഷം പുറത്തെടുക്കണോയെന്ന് ആലോചിക്കാം. ഏതായാലും എന്റെ പുസ്തകത്തിന് ലഭിച്ച അംഗീകാരമായതുകൊണ്ട് അവാർഡ് തിരിച്ചുകൊടുക്കുന്നില്ല എന്നുമാത്രം. ആ നോവലിൽ എന്റെ കുട്ടികളുടെ സ്വപ്നങ്ങളും അനുഭവങ്ങളുമൊക്കെയാണുള്ളത്. അവർക്ക് ലഭിക്കുന്ന അംഗീകാരമാണ് അവാർഡ് എന്നതിനാലാണ് തിരിച്ചുകൊടുക്കാത്തത്.
എല്ലാവരോടും സ്നേഹവും ബഹുമാനവും മാത്രം. കുറിപ്പ് അല്പം നീണ്ടുപോയി. മനസ്സൊന്ന് ശാന്തമാകാൻ ഇത്രയും കുറിച്ചേ മതിയാകൂ എന്ന് തോന്നി.

