കൊച്ചി: പറവ ഫിലിം നിർമ്മാണ കമ്പനിയിൽ റെയ്ഡ് നടന്നതിന് പിന്നാലെ സൗബിൻ ഷാഹിറിനെ വിളിപ്പിച്ച് വിശദീകരണം തേടാൻ ആദായനികുതി വകുപ്പ് . പറവ ഫിലിംസ് 60 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന പ്രാഥമിക കണ്ടെത്തലിനെ തുടർന്നാണിത് . മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ വരുമാനം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കേരളത്തിലും, തമിഴ്നാട്ടിലും നിറഞ്ഞ തിയേറ്ററുകളിൽ ചിത്രം പ്രദർശിപ്പിക്കുന്നുവെന്നും കോടികളുടെ വരുമാനം നേടുന്നുവെന്നുമായിരുന്നു പ്രചാരണം. എന്നാൽ തമിഴ്നാട്ടിൽ പലയിടത്തും ഒഴിഞ്ഞ തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിച്ചതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കാനായിരുന്നുവെന്നും ആദായ നികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ ഇവർക്ക് ലഭിച്ച വരുമാനത്തിന് അനുസരിച്ച് നികുതി അടച്ചിട്ടില്ലെന്നാണ് വിവരം.
അതുകൊണ്ട് തന്നെ പരിശോധന അവസാനിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പ് നൽകുന്ന വിശദീകരണം. പറവ ഫിലിംസ് യഥാർത്ഥ വരുമാന കണക്ക് നൽകിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിർമാണ കമ്പനിയിലും ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.