തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം തേടി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ. അടുത്ത ബന്ധുവിന്റെ മരണവും, ആരോഗ്യപ്രശ്നങ്ങളും കാട്ടി സമയം അനുവദിക്കണമെന്ന പുതിയ ആവശ്യവുമായി അദ്ദേഹം പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചു. അടുത്ത രണ്ട് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്യില്ല. പത്തനംതിട്ടയിലെ ക്രൈംബ്രാഞ്ചിന്റെ ഏതെങ്കിലും കേന്ദ്രത്തിൽ വെച്ച് മറ്റൊരു ദിവസമാകും ചോദ്യം ചെയ്യൽ.
എൻ. വാസുവിനെ അറസ്റ്റ് ചെയ്യാൻ കാരണമായ സാഹചര്യം പത്മകുമാറിന്റെ കേസിലും ഉണ്ടെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസമാണ് അന്വേഷണസംഘം വാസുവിനെ അറസ്റ്റ് ചെയ്തത്. സ്വർണ്ണം പൂശിയ വാതിൽ ചെമ്പ് എന്ന് അടയാളപ്പെടുത്തിയതും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയതും വാസുവിന്റെ നേതൃത്വത്തിലായിരുന്നുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അന്ന് പത്മകുമാർ പ്രസിഡന്റായിരുന്നു. കമ്മീഷണറായിരുന്ന വാസു കൈമാറിയ ഉത്തരവുകൾ പത്മകുമാർ സ്വീകരിച്ചതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിച്ചുവരികയാണ്.
അതേസമയം, ശബരിമല സ്വർണ്ണ മോഷണ കേസിൽ അഴിമതി നിരോധന നിയമം ചുമത്താനും നീക്കമുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയതായി കണ്ടെത്തിയതിനാൽ നിയമോപദേശം തേടിയിട്ടുണ്ട്. ഈ വകുപ്പ് ചുമത്തിയാൽ വിജിലൻസ് കോടതി കേസ് പിന്നീട് പരിഗണിക്കും.

