മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തല്ലി തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ അറസ്റ്റിൽ. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഡിഎംകെ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. അൻവറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകർക്കുകയായിരുന്നു.
നിലമ്പൂർ സിഐ സുനിൽ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പി വി അൻവർ ഉൾപ്പടെ 11 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതു മുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അൻവറാണ് കേസിലെ ഒന്നാം പ്രതി.
അറസ്റ്റിലായ അൻവർ മുഖ്യമന്ത്രിക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്ത് വന്നു. പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്നായിരുന്നു അൻവറിന്റെ വെല്ലുവിളി. മോദിയേക്കാള്‍ വലിയ ഭരണകൂട ഭീകരതയാണ് പിണറായി വിജയന് നടപ്പാക്കുന്നതെന്നും അൻവർ ആരോപിച്ചു.