തിരുവനന്തപുരം : ശബരിമല കേന്ദ്രം ഏറ്റെടുക്കുമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന അപകടകരമാണെന്ന് ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് . അങ്ങനെ ഏറ്റെടുക്കാൻ പറ്റുമോയെന്നത് തനിക്കറിയില്ലെന്നും പ്രശാന്ത് പറഞ്ഞു. അങ്ങനെ ഏറ്റെടുത്താൽ പതിമൂവായിരം കുടുംബങ്ങളുടെ കാര്യം ആര് ഏറ്റെടുക്കുമെന്നുള്ളതിനുള്ള മറുപടിയും സുരേഷ് ഗോപി തന്നെ നൽകണമെന്ന് പി എസ് പ്രശാന്ത് മാധ്യമങ്ങങ്ങളോട് പറഞ്ഞു.
തീർത്ഥാടനം അല്ല വികസന സംഗമമാണ് സംഘടിപ്പിച്ചത്. അതിനാവശ്യമായ എല്ലാവരെയും പങ്കെടുപ്പിച്ചു. ഭരണഘടനപരമായ സ്ഥാനത്ത് ഇരിക്കുന്ന ആളുകളാണ് പങ്കെടുത്തത്. ബദൽ സംഗമം സംഘടിപ്പിക്കുമ്പോൾ അതിൽ പറയുന്ന ഭാഷയ്ക്ക് ഒരു മിതത്വം വേണം . സൗഹൃദ അന്തരീക്ഷം തന്നെയാണ് ഇതിലൂടെ തകർക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
ശബരിമല വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കൃത്യമായ പദ്ധതികൾ ഉണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത് . ഏകീകൃത സിവിൽ കോഡ് രാജ്യത്ത് വരും. ഓപ്പറേഷൻ സിന്ദൂരത്തിന്റെ വിജയത്തിനുശേഷം, ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനെക്കുറിച്ച് അമിത് ഷാ സംസാരിച്ചിരുന്നു. ഞങ്ങൾ അതിൽ ഉറച്ചു വിശ്വസിക്കുന്നു.
അതിനു പിന്നാലെ കേന്ദ്രതല ദേവസ്വം സംവിധാനം വരും. രാജ്യത്തുടനീളമുള്ള എല്ലാ ക്ഷേത്രങ്ങളും ഏകീകൃത രീതിയിൽ പ്രവർത്തിക്കും. ദേവസ്വങ്ങളുടെ എല്ലാം അവസാനമായിരിക്കും അന്ന് . ഇത് വാഗ്ദാനമല്ല, ഉറപ്പാണ്. പിന്നെ വരാൻ പോകുന്നത് ഹിന്ദു റിലീജിയസ് കൺസോർഷ്യം, ഹിന്ദു റിലീജിയസ് അഡ്മിനിസ്ട്രേഷൻ പോലെ ദേശീയമായ ഒരു സംവിധാനമായിരിക്കും ശബരിമല മാത്രമല്ല ഒരുപാട് ക്ഷേത്രങ്ങൾ ഇതു പോലെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

