തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒട്ടും പരിഗണിക്കാതെയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ദേശീയ അധ്യാപക പരിഷത്ത്. സാധാരണക്കാരനും മധ്യവർഗ്ഗത്തിനും ആശ്വാസകരമായ കേന്ദ്ര ബജറ്റിന് പിന്നാലെ ജീവനക്കാരുടെ സകല പ്രതീക്ഷയും അസ്തമിപ്പിക്കുന്ന ഒരു ബഡ്ജറ്റ് ആണ് നിയമസഭയിൽ അവതരിപ്പിച്ചത്.
2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശികയോ ഇതുവരെയുള്ള 19 ശതമാനം ക്ഷാമ ബത്ത കുടിശ്ശികയോ ജീവനക്കാർക്ക് ആശ്വാസകരം എന്ന് കരുതാവുന്ന ഏതെങ്കിലും തരത്തിലുള്ള പരിഷ്കരണ നടപടികളോ പ്രതീക്ഷിച്ചിരുന്ന മുഴുവൻ ആളുകൾക്കും ഇരുട്ടടിയായിരുന്നു ഈ ബജറ്റ് .
2024 ജൂലൈയിൽ നിയമിക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണ കമ്മീഷനെ നിയമിക്കുകയോ അതിനുള്ള എന്തെങ്കിലും നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ല. പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിക്കും എന്ന് പ്രതീക്ഷിച്ച ജീവനക്കാരെ കടുത്ത നിരാശയിൽ ആക്കുന്ന നടപടിയാണ് പുറത്തുവന്നത്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയോ ഭവന വായ്പ പദ്ധതിയോ പരിഷ്കരിച്ച് നടപ്പാക്കുന്നതിനെ കുറിച്ച് ഏതെങ്കിലും തരത്തിലുള്ള നിർദ്ദേശങ്ങൾ ഇല്ല.
വിദ്യാഭ്യാസ രംഗത്ത് കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾക്കുള്ള ഫണ്ട് കേരളത്തിന് നഷ്ടപ്പെടുത്തുന്ന തരത്തിലാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നത്.കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതി,സ്റ്റാർസ് പദ്ധതി,പിഎം ശ്രീ പദ്ധതി,അടൽ ടിങ്കറിംഗ് ലാബുകൾ തുടങ്ങി ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ട് വെക്കുന്ന പദ്ധതികൾക്കെല്ലാം കേവലം രാഷ്ട്രീയമായ എതിർപ്പിന്റെ പേരിൽ തടയിടുന്ന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.
ജനാധിപത്യ സംവിധാനത്തെ ചലിപ്പിക്കുന്ന സാധാരണക്കാരായ ഉദ്യോഗസ്ഥ വൃന്ദത്തെ കടുത്ത നിരാശയിലാക്കുന്ന ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കപ്പെട്ടതെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് പാറം കോട് ബിജു പറഞ്ഞു.