കോഴിക്കോട് : റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും ഗാനങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തരുതെന്ന് ശുപാർശ . കാലിക്കറ്റ് സർവകലാശാലയുടെ ബി.എ. മലയാളം കോഴ്സിന്റെ മൂന്നാം സെമസ്റ്റർ സിലബസിന്റെ ഭാഗമായി വേടന്റെയും ഗൗരി ലക്ഷ്മിയുടെയും ഗാനങ്ങൾ ഉൾപ്പെടുത്താനായിരുന്നു തീരുമാനം . എന്നാൽ ഇതിനെ എതിർത്ത് മലയാളം വകുപ്പിന്റെ മുൻ മേധാവി എം.എം. ബഷീർ, സർവകലാശാല വൈസ് ചാൻസലർക്ക് (വി.സി) റിപ്പോർട്ട് സമർപ്പിച്ചു.
റാപ്പിനെ ജനപ്രിയ സംഗീതമായി കണക്കാക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാർശ അയച്ചിരിക്കുന്നത്. റാപ്പ് വരികൾക്ക് ആശയപരമായ സംയോജനമില്ലെന്നും ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.വേടന്റെ ‘ഭൂമി ഞാൻ വാഴുന്ന ഇടം’ സർവകലാശാലയുടെ സിലബസിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ച് സിൻഡിക്കേറ്റ് അംഗവും ബിജെപി പ്രതിനിധിയുമായ എ.കെ. അനുരാജ്, ഗവർണർ രാജേന്ദ്ര അർലേക്കറിന് പരാതി നൽകിയിരുന്നു.ചാൻസലറുടെ ഉത്തരവനുസരിച്ച്, വിസി പി രവീന്ദ്രൻ ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് അന്വേഷണത്തിന്റെ ചുമതല എംഎം ബഷീറിനെ ഏൽപ്പിച്ചു.
കഥകളി സംഗീതവുമായി താരതമ്യപ്പെടുത്തി പഠിക്കാൻ ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേയും’ സിലബസിൽ ഉൾപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ബിഎ മലയാളം കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് അത്തരം സംഗീതത്തെക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങൾ മനസ്സിലാക്കാൻ കഴിയില്ലെന്നും ഇത് അത്തരം താരതമ്യ പഠനം ബുദ്ധിമുട്ടാക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.വേടന്റെ ഗാനം പഠിപ്പിക്കുന്നത് വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുമെന്നും ബഷീർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

