തിരുവനന്തപുരം: ശബരിമല സ്വർണ്ണ മോഷണ കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരെ ഉടൻ നടപടിയെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . കുറ്റപത്രം സമർപ്പിച്ചതിനുശേഷം മാത്രമേ ശക്തമായ നടപടി സ്വീകരിക്കുകയുള്ളൂവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു . ഈ വിവരം ഇന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട് . പത്മകുമാർ നിലവിൽ ജില്ലാ കമ്മിറ്റി അംഗമാണ്
പാർട്ടി ചുമതലകൾ നൽകിയവർ പാർട്ടിയോട് നീതി പുലർത്തിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. “എൻ. വാസു ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. പക്ഷേ, പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കും. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ല. സ്വർണക്കൊള്ളയിൽ സിപിഎമ്മിൽ ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ പാർട്ടി നടപടി ഉണ്ടാകുമെന്നും “ എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മുൻ എംഎൽഎ കൂടിയായ പത്മകുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെടുന്നുണ്ട് . പത്മകുമാർ ജില്ലാ കമ്മിറ്റിയിൽ തുടർന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പാർട്ടി അംഗങ്ങൾക്ക് എങ്ങനെ പൊതുജന ചോദ്യങ്ങളെ നേരിടാൻ കഴിയുമെന്നാണ് ചോദ്യം . ശക്തമായ നടപടി മാത്രമാണ് ഏക പരിഹാരമെന്നും പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ച പത്തനംതിട്ടയിൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ, പത്മകുമാറിനെ സംരക്ഷിക്കാനോ പ്രതിരോധിക്കാനോ പാർട്ടി ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് പറഞ്ഞതായി റിപ്പോർട്ടുണ്ട്. അത്തരം മൃദുലമായ അല്ലെങ്കിൽ വ്യക്തമല്ലാത്ത നിലപാടുകൾ പൊതുജനങ്ങൾക്കിടയിൽ കടുത്ത അനിഷ്ടം സൃഷ്ടിക്കുമെന്ന് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നു.

