ബത്തേരി ; വയനാട്ടിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിൻ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ജഡ്ജി അഥീന ബിജുവാണ് ജാമ്യാപേക്ഷയിൽ ഉത്തരവിട്ടത്. ഇതോടെ ആന്റോ 14 ദിവസത്തേക്ക് മാനന്തവാടി ജയിലിൽ തുടരും.
വ്യാഴാഴ്ച രണ്ടു മണിക്കൂറിൽ ഏറെ നീണ്ട വാദത്തിനൊടുവിലാണ് ആന്റോയെ റിമാൻഡ് ചെയ്തത്. ആന്റോയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ആന്റോയ്ക്കെതിരെ എക്സൈസ് ചുമത്തിയിരിക്കുന്നത്.
ജാമ്യം ലഭിക്കാത്ത കുറ്റങ്ങൾ ഉൾപ്പെടുന്ന കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പിടിച്ചെടുത്ത മദ്യം എവിടെനിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തത്. സാക്ഷികളെ സ്വാധീനിക്കാനോ അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനോ സാധ്യതയുണ്ടെന്ന ആശങ്കയും പ്രോസിക്യൂഷൻ ഉന്നയിച്ചു.
മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും പങ്കെടുക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ട പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് മദ്യം പിടിച്ചെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച പോലീസ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിലും അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

