ഡബ്ലിൻ ; രണ്ട് ദിവസങ്ങളിലായി ഡബ്ലിനിൽ നടക്കുന്ന ചടങ്ങുകളിൽ ഐറിഷ് പൗരത്വം നൽകുന്നത് 5,600-ലധികം ആളുകൾക്ക് . ജസ്റ്റിസ് മന്ത്രി ജിം ഒ’കല്ലഹാൻ മന്ത്രിസഭയിൽ അവതരിപ്പിച്ച പുതിയ നിയമനിർമ്മാണത്തിലൂടെ പൗരത്വം നേടുന്നതിനുള്ള ചട്ടങ്ങൾ കർശനമാക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് .
‘ഐറിഷ് നാഷണാലിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഭേദഗതി ബിൽ 2026’-ൽ ഉൾപ്പെടുത്തിയിട്ടുള്ള പുതിയ നിയമം ഈ വർഷാവസാനത്തോടെ നടപ്പിലാക്കേണ്ടതുണ്ട്.‘ എന്ന് മാധ്യമങ്ങളോട് സംസാരിക്കവേ കുടിയേറ്റ കാര്യങ്ങളുടെ ചുമതലയുള്ള സഹമന്ത്രി കോൾം ബ്രോഫി പറഞ്ഞു.
“ഐറിഷ് പൗരന്മാരാകാനുള്ള അവസരവും പദവിയും ലഭിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച ദിവസമാണ്. ഇവിടെ എത്തിയിരിക്കുന്നവരുടെ എണ്ണത്തിലും, പൗരന്മാരാകുന്നതിൽ അവർക്കും അവരുടെ കുടുംബങ്ങൾക്കും ലഭിക്കുന്ന സന്തോഷത്തിലും അത് പ്രതിഫലിക്കുന്നത് നിങ്ങൾക്ക് കാണാനാകും.” – അദ്ദേഹം പറഞ്ഞു.
സമീപ വർഷങ്ങളിൽ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായതായി ബ്രോഫി പറഞ്ഞു. പൗരത്വത്തിന് അപേക്ഷിക്കുന്നതിനുള്ള ചട്ടങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് താമസിക്കേണ്ട കാലയളവ് അഞ്ച് വർഷത്തിൽ നിന്ന് എട്ട് വർഷമായി വർദ്ധിപ്പിക്കുന്നുണ്ട്.

