കൊച്ചി : നിരോധിത ഭീകരസംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് കേരളത്തിലെ നിരവധി ജില്ലകളിൽ എൻ ഐ എ റെയ്ഡ് . തൃശൂർ, എറണാകുളം ജില്ലകളിലായി 20 ഓളം സ്ഥലങ്ങളിലാണ് റെയ്ഡുകൾ നടന്നത്. എൻഐഎയുടെ കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച അർദ്ധരാത്രിയോടെ ആരംഭിച്ച പരിശോധന ബുധനാഴ്ച പുലർച്ചെ വരെ തുടർന്നു.
പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളും തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയെന്ന ആരോപണവും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായിരുന്നു റെയ്ഡുകൾ. പോപ്പുലർ ഫ്രണ്ടിന്റെയും അതിന്റെ രാഷ്ട്രീയ വിഭാഗമായ എസ്ഡിപിഐയുടെയും മുൻ ഭാരവാഹികളുടെ വീടുകളും ഓഫീസുകളും എൻഐഎ പരിശോധിച്ചു . എറണാകുളം, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലും സമാനമായ റെയ്ഡുകൾ നടന്നു . നിലവിൽ ഒളിവിൽ കഴിയുന്ന ആറ് പ്രതികളെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡുകൾ. പാലക്കാട് ആർഎസ്എസ് നേതാവ് എ ശ്രീനിവാസന്റെ കൊലപാതകത്തിലും പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട നിരവധി കേസുകളിലും ഇവർ പ്രതികളാണ്.

