ശ്രീനഗർ ; ഭീകരർക്ക് സാമ്പത്തിക സഹായങ്ങൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ . ശ്രീനഗറിലെ ലോക് ഭവനിൽ ചേർന്ന യൂണിഫൈഡ് ഹെഡ് ക്വാർട്ടേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നുഴഞ്ഞുകയറ്റം , ഭീകര ശൃംഖലകൾ എന്നിവയ്ക്ക് സാമ്പത്തികമായും, ഭൗതികപരമായും സഹായം നൽകുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം സുരക്ഷാ ഏജൻസികൾക്ക് നിർദേശം നൽകി.
സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കാൻ വിവിധ വകുപ്പുകൾ തമ്മിൽ കൃത്യമായ ഏകോപനവും, സഹകരണവും അനിവാര്യമാണ് . ഭീകരത തടയാനും, നുഴഞ്ഞുകയറ്റ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്താനും, ഭീകര ശൃംഖലയുടെ അവശേഷിക്കുന്ന ഘടകങ്ങൾക്കെതിരായ പ്രവർത്തനങ്ങൾ തുടരുന്നതിനായും സമഗ്രമായ തന്ത്രം ആവിഷ്ക്കരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും തീവ്രവാദ ആശയങ്ങളിലേയ്ക്ക് നയിക്കുകയും ചെയ്യുന്ന ശൃംഖലകൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ലഫ്റ്റനന്റ് ഗവർണർ നിർദ്ദേശിച്ചു.

