തിരുവനന്തപുരം : സുപ്രീം ചീഫ് ജസ്റ്റിസിനെതിരെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റിൽ മാപ്പ് പറഞ്ഞെന്ന് കെ പി സിസി . സുപ്രീം കോടതി അഭിഭാഷകന്റെ വക്കീൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് കെ പി സിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇക്കാര്യം വ്യക്തമാക്കുന്നത് . പോസ്റ്റ് അനുമതിയില്ലാതെ പ്രസിദ്ധീകരിച്ചതാണെന്നും , കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് വിശദീകരണം. ഇതിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽ നിന്ന് നീക്കം ചെയ്തതായും സണ്ണി ജോസഫ് നൽകിയ മറുപടിയിൽ പറയുന്നു.വിജയ് തോട്ടത്തിൽ എന്ന വ്യക്തിയാണ് പോസ്റ്റിട്ടത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിനിടെ സുപ്രീം കോടതിയിലേയ്ക്കും ഇന്ത്യാ സഖ്യം മാർച്ച് നടത്തിയിരുന്നു. ഇതിനിടെ ഇന്ത്യാസഖ്യം നേതാക്കളെ നേരിൽ കാണാനാവില്ലെന്ന് സുപ്രീം ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ‘ സൂര്യകാന്ത് രാജിവയ്ക്കൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം ‘ എന്ന് കോൺഗ്രസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് വന്നത് . വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു.

