ന്യൂഡൽഹി : അരുണാചലിന്റെ ചില ഭാഗങ്ങൾ ചൈന പിടിച്ചെടുത്തുവെന്ന പേരിൽ വ്യാജ വീഡിയോ പങ്ക് വച്ച കോൺഗ്രസിനെതിരെ കേന്ദ്രമന്ത്രി കിരൺ റിജിജു. വ്യാജ വീഡിയോ സൈന്യം തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് രൂക്ഷ വിമർശനവുമായി കിരൺ റിജിജു രംഗത്തെത്തിയത്.
‘ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ വ്യാജ വീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് രാജ്യത്തോട് മാപ്പ് പറയണം. ഇതൊരു രാജ്യദ്രോഹപരമായ നടപടിയാണ് . ശത്രുക്കൾ ചെയ്യുന്ന നീചമായ പ്രവർത്തികൾക്ക് തുല്യമാണിത് . ഇന്ത്യയുടെ ശത്രുക്കൾക്ക് വേണ്ടി രാജ്യത്തിനെതിരെ കോൺഗ്രസ് ഹീനമായ പ്രചാരണം നടത്തുകയാണ്.‘ കിരൺ റിജിജു പറഞ്ഞു.
ബിജെപി വക്താവ് സി ആർ കേശവനും കോൺഗ്രസിനെതിരെ രംഗത്തെത്തി. ‘ നമ്മുടെ ധീരരായ സേനയെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിക്കുന്നത് ആ പാർട്ടിയുടെ സൈന്യത്തോടുള്ള വെറുപ്പ് നിറഞ്ഞ മനോഭാവം വ്യക്തമാക്കുന്നതാണ് . സായുധസേനയുടെ അന്തസിനെ തകർക്കാനും , താഴ്ത്തിക്കെട്ടാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നത് ‘ എന്നും സി ആർ കേശവൻ എക്സിൽ കുറിച്ചു.
ബീഹാറിൽ നിന്നുള്ള കോൺഗ്രസ് വക്താവ് റിതു ചൗധരിയാണ് ചൈനീസ് വാഹനങ്ങൾ ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതായി അവകാശപ്പെട്ട് വീഡിയോ പങ്ക് വച്ചത്. മറ്റൊരു പോസ്റ്റിൽ അരുണാചൽ പ്രദേശിലെ ചില ഭാഗങ്ങൾ ചൈന പിടിച്ചെടുത്തുവെന്നും ആരോപിച്ചിരുന്നു.
എന്നാൽ ആദ്യത്തെ വീഡിയോയിലുള്ള സിക്കിമിലെ നാഥുലാ പാസിലുള്ള ചൈനീസ് വാണിജ്യ വാഹനങ്ങളാണെന്നും, അനുവദനീയമായ അതിർത്തി വ്യാപാര പാതയിലൂടെയുള്ള വാണിജ്യ വാഹനങ്ങളുടെ നീക്കത്തെ ചൈനീസ് നുഴഞ്ഞുകയറ്റമായി ചിത്രീകരിക്കുന്നതെന്ന് തെറ്റാണെന്ന് സൈന്യം വ്യക്തമാക്കിയിരുന്നു.
രണ്ടാമത്തെ വീഡിയോ 2023 ൽ ജമ്മു കശ്മീരിലെ കുപ്വാരയിൽ നടത്തിയ പത്രസമ്മേളനത്തിൽ നിന്നുള്ളതാണെന്നും സൈന്യം വ്യക്തമാക്കിയിരുന്നു. ലഫ്റ്റനന്റ് ജനറൽ ഗിരീഷ് കാലിയ അരുണാചൽ പ്രദേശിന്റെ ഭാഗങ്ങൾ ചൈന പിടിച്ചെടുത്തതായി പറയുന്ന വീഡിയോ ഡീപ്ഫേക്ക് ആണെന്നും സൈന്യം വിശദീകരിച്ചിരുന്നു. അരുണാചൽ പ്രദേശിന് മേൽ ചൈനയ്ക്ക് നിയന്ത്രണമുണ്ടെന്നോ, ഇന്ത്യൻ സൈന്യത്തിന് അവശ്യസാധനങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്നോ അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല,” എന്നും സൈന്യം പോസ്റ്റിൽ വ്യക്തമാക്കി.

