താൻ ഇതുവരെ പ്രവർത്തിച്ചിട്ടുള്ളതിൽ ഏറ്റവും വമ്പൻ പ്രോജക്ടാണ് രാമായണമെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. ഏകദേശം മൂന്നര വർഷമായി താൻ രാമായണത്തിനായി പ്രവർത്തിക്കുകയാണെന്നും റഹ്മാൻ പറഞ്ഞു.
‘ ചിത്രത്തോടുള്ള പ്രതികരണം കാണുന്നത് വളരെ സന്തോഷകരമാണ്. ജയ് ജയ് റാം പുറത്തിറങ്ങി. ഗാനങ്ങളുടെ 70 ശതമാനവും പുറത്തിറക്കി കഴിഞ്ഞു. കൂടുതൽ സർപ്രൈസുകളും ഒരുക്കുന്നുണ്ട്. ഇത്രയും വലിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. പല രീതികളിൽ തുടരെ ചെയ്യേണ്ടി വന്നു. ആദ്യം ഏറെ ബുദ്ധിമുട്ടുകൾ തോന്നിയെങ്കിലും അതിന്റെ ഫലം തൃപ്തിപ്പെടുത്തുന്നതാണ്.
എന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത്. ഈ നാടിന്റെ സംസ്ക്കാരം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്നതിൽ അഭിമാനമുണ്ട്. ആദ്യമായിട്ടാണ് സോണി 70,000 സ്ക്രീനുകളിൽ ചിത്രം റിലീസ് ചെയ്യുന്നത്, ഈ യാത്രയിൽ ഞാനും പങ്കാളിയാണ് ‘ – എന്നും എ ആർ റഹ്മാൻ പറഞ്ഞു. ജർമ്മൻ സംഗീത സംവിധായകൻ ഹാൻസ് സിമ്മറും ചിത്രത്തിൽ കൈകോർക്കുന്നുണ്ട്.
നമിത് മൽഹോത്ര ഒരുക്കുന്ന രാമായണം നവംബർ 5 നാണ് റിലീസ് ചെയ്യുന്നത് . രൺ ബീർ കപൂർ , സായി പല്ലവി, യാഷ് , രവി ദുബെ എന്നിവർ അണിനിരക്കുന്ന ചിത്രത്തിന്റെ ബജറ്റ് 700 കോടിയ്ക്ക് മുകളിലാണ്.

