തിരുവനന്തപുരം : പാലോട് ഭർതൃഗൃഹത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഇന്ദുജ ജീവനൊടുക്കിയതാണെന്ന് പോലീസ് . ഇന്ദുജയും ,ഭർത്താവ് അഭിജിത്തും തമ്മിൽ കുറച്ചു നാളുകൾ പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ഇന്ദുജയെ അഭിജിത്ത് ശാരീരികമായും , മാനസികമായും പീഡിപ്പിച്ചിരുന്നു. ഇന്ദുജയുടെ കൈകളിൽ രണ്ട് ദിവസം പഴക്കമുള്ള പാടുകൾ ഉണ്ട്. അഭിജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
പാലോട് പെരിങ്ങമ്മല സ്വദേശി ഇന്ദുജയെ കഴിഞ്ഞ ദിവസമാണ് ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.സ്വകാര്യ ലാബിലെ ജീവനക്കാരിയായ ഇന്ദുജയെ നാല് മാസം മുൻപ് അഭിജിത്ത് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് അഭിജിത്തിന്റെ വീടിന് സമീപത്തുള്ള ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തി.
തങ്ങൾ താഴ്ന്ന ജാതിക്കാരായതുകൊണ്ട് വീട്ടിൽ കയറാൻ പാടില്ലെന്ന് അഭിജിത്തിന്റെ വീട്ടുകാർ പറഞ്ഞുവെന്ന് ഇന്ദുജയുടെ അച്ഛൻ ആരോപിച്ചു. മകളുടെ മരണം കൊലപാതകമാണെന്നും അച്ഛൻ ശശിധരൻ കാണി പറഞ്ഞിരുന്നു.
‘ ഞങ്ങൾ ആദിവാസി കാണി സമുദായത്തിൽ പെട്ടവരാണ്. ഇവർ തമ്മിലുള്ള പ്രശ്നങ്ങളെ പറ്റി സംസാരിക്കാൻ മെമ്പർമാരെയും കൂട്ടി വീട്ടിൽ പോയിരുന്നു. ആദിവാസിയിലുള്ള ഒരുത്തൻമാരും എന്റെ വീട്ടിന്റെ കോമ്പൗണ്ടിൽ കയറരുതെന്ന് അവനും അമ്മയും ഞങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ച വന്നപ്പോൾ അവളുടെ കണ്ണിന്റെ താഴെ അടിയുടെ പാടുണ്ടായിരുന്നു. ‘ ശശീധരൻ കാണി പറഞ്ഞു.