തിരുവനന്തപുരം: പുതിയ എംഎല്‍എമാരായ യു ആര് പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗ് ഉപഹാരമായി നല്കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങളുമാണ് ട്രോളി ബാഗില്‍ ഉള്ളത്. ബാഗ് എംഎല്‍എ ഹോസ്റ്റലില്‍ എത്തിച്ചു. ഉടന്‍ ഉപഹാരം രാഹുലിനും യു ആര് പ്രദീപിനും കൈമാറും. തിരഞ്ഞെടുപ്പില്‍ വിജയിച്ചു കയറിയ രാഹൂല്‍ മാങ്കൂട്ടത്തിലിനും യുആര്‍ പ്രദീപിനും നീല ട്രോളി ബാഗ് നല്‍കിയത് ഒരു ‘ട്രോള്‍’ ആണെന്ന രീതിയില്‍ ചര്‍ച്ചയാവുകയാണ്.എന്നാൽ നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.
യു ആര് പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും ഇന്ന് ഉച്ചയോടെയാണ് എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും മന്തിമാരും ചടങ്ങില്‍ പങ്കെടുത്തു. മണ്ഡലത്തിലെ തകര്‍ന്ന റോഡുകള്‍ നന്നാക്കാനാകും മുഖ്യപരിഗണനയെന്ന് പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. കാര്‍ഷിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ആദ്യ പരിഗണനയെന്ന് രാഹുലും പ്രതികരിച്ചു.