കൊച്ചി: എറണാകുളത്ത് അമ്മയും, കാമുകനും ചേർന്ന് വിറ്റ നവജാത ശിശുവിനെ രക്ഷപ്പെടുത്തി. കളമശ്ശേരി പോലീസാണ് മുപ്പത്തടത്തെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെടുത്തത് . സംഭവത്തിൽ അമ്മയെ ഒന്നാം പ്രതിയും കാമുകൻ ജോൺ തോമസിനെ രണ്ടാം പ്രതിയുമാക്കി പോലീസ് കേസെടുത്തു. ആലുവ സ്വദേശിയായ സ്ത്രീയ്ക്കാണ് കുഞ്ഞ് പിറന്നത് .
ജൂൺ 26 ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീ അതേ ദിവസം തന്നെ കുഞ്ഞിനെ പ്രസവിച്ചു. അപമാനം ഭയന്ന് അവർ കുഞ്ഞിനെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് പൊലീസ് പറയുന്നത് . നവജാതശിശുവിന്റെ ജീവൻ അപകടത്തിലാകുമെന്ന സൂചന ലഭിച്ചതിനെത്തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത് . തുടർന്ന്, മുപ്പത്തടത്തെ ഒരു ഫ്ലാറ്റിൽ നിന്ന് സ്ത്രീയെയും കാമുകനെയും കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കുഞ്ഞ് മുപ്പത്തടത്തുള്ള ഒരു വീട്ടിലാണെന്ന് അവർ വെളിപ്പെടുത്തി. നവജാതശിശു നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ പരിചരണത്തിലാണ്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ട അമ്മയെ ചികിത്സയ്ക്ക് ശേഷം വനിതാ അഭയകേന്ദ്രത്തിലേക്ക് മാറ്റി. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് അവർ കഴിയുന്നത്, ഇവർക്ക് മറ്റ് രണ്ട് കുട്ടികളുമുണ്ട്.

