കാസർകോട് : നീലേശ്വരം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബഡിച്ച് നടന്ന വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാ കോടതി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം അപൂർവ്വവിധിയിലൂടെ റദ്ദാക്കിയത്. കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരം ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്ത് കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്.
ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ നൽകുന്നതിന് മുമ്പേ തന്നെ ജില്ലാ സെഷൻസ് കോടതി പ്രതികൾക്ക് കീഴ്ക്കോടതി അനുവദിച്ച ജാമ്യം സ്വമേധയാ റദ്ദാക്കുകയായിരുന്നു.
ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരനും സെക്രട്ടറി ഭരതനും കോടതി വിധി വരും മുമ്പേ ജയിലിൽ മോചിതരായിരുന്നു. വെടിക്കെട്ടിന് തീകൊളുത്തിയ പ്രധാന പ്രതി രാജേഷിന് ജാമ്യക്കാർ ഇല്ലാത്തതിനാൽ ജയിൽ മോചിതനാകാൻ കഴിഞ്ഞില്ല.
ജയിലിൽ കഴിയുന്ന രാജേഷിനെ പുറത്തുവിടരുതെന്നും പുറത്തിറങ്ങിയ രണ്ട് പേരെയും തിരികെ ജയിലിലെത്തിക്കണമെന്നും കോടതി നിർദേശിച്ചു. കേസിൽ അഞ്ച് പ്രതികൾ കൂടി പിടിയിലാകാനുണ്ട്. വധശ്രമം ,സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ അശ്രദ്ധ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
അതേസമയം അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത് . കിനാവൂർ സ്വദേശിയായ സന്ദീപ് ഇന്നലെ വൈകിട്ട് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് നാൽപ്പത് ശതമാനം പൊള്ളലേറ്റിരുന്നു. അപകടത്തിൽ പരിക്കേറ്റ 101 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.