തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി വി രാജേഷ്. ആർഎസ്എസിന്റെ ഇടപെടലോടെയാണ് വി വി രാജേഷിന്റെ പേര് സജീവ പരിഗണനയിൽ വന്നത്. തുടർന്ന് കേന്ദ്ര നേതൃത്വം രാജേഷിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നു . ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് ആശാ നാഥ് വരുമെന്ന് സൂചനയുണ്ട്.
ആർ ശ്രീലേഖയെ മേയറായി നിയമിക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കൾ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ജനറൽ സെക്രട്ടറി എസ് സുരേഷും തിരുവനന്തപുരം നഗര ജില്ലാ പ്രസിഡന്റ് കരമന ജയനും ശ്രീലേഖയെ അവരുടെ വീട്ടിൽ എത്തി കണ്ടിരുന്നു. മുൻ ഡിജിപി ആർ ശ്രീലേഖ മേയറാകുമെന്ന് ഇന്ന് രാവിലെ വരെ സൂചനകളുണ്ടായിരുന്നു. ബിജെപിയിലെ അവസാന ഘട്ട ചർച്ചകളിൽ അവർക്കാണ് മുൻഗണന നൽകിയത്.
സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഐപിഎസ് ഓഫീസർ മേയറാകുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെട്ടു. ശ്രീലേഖയെ മേയറായി തിരഞ്ഞെടുക്കുന്നതിൽ ഒരു വിഭാഗം നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്നാണ് രാജേഷിന്റെ പേര് ഉയർന്നുവന്നത്.

