ന്യൂഡൽഹി: പാർട്ടിക്ക് വ്യക്തമായ നിലപാടുള്ള വിഷയങ്ങളിൽ പാർട്ടിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ താൻ പ്രകടിപ്പിക്കാറില്ലെന്ന് എംപി ശശി തരൂർ . ചില കാര്യങ്ങളിൽ തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ പാർട്ടിയുടെ അഭിപ്രായം വക്താവിൽ നിന്ന് തേടണം . പിന്നെ സ്വന്തം കാഴ്ചപ്പാട് ഞാൻ എപ്പോഴും വ്യക്തമാക്കാറുണ്ട് .പ്രതികരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലതെങ്കിൽ, അങ്ങനെ ചെയ്യാൻ തയ്യാറാണെന്നും ‘ – തരൂർ പറഞ്ഞു. കഴിഞ്ഞ ദിവസം തരൂർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയിരുന്നു.അതിനു പിന്നാലെയാണ് ഈ പ്രതികരണം.
‘ വികസന കാര്യങ്ങളിൽ നല്ല കാര്യങ്ങൾ കാണുമ്പോൾ ഞാൻ അത് ചൂണ്ടിക്കാണിക്കുന്നു. രാഹുൽ ഗാന്ധിക്കെതിരെ ഞാൻ ഒരിക്കലും ഒന്നും പിന്തുണച്ചിട്ടില്ല. അദ്ദേഹം ആത്മാർത്ഥതയുള്ള നേതാവാണ്, രാജ്യത്തിനുവേണ്ടി ശക്തമായ ശബ്ദം ഉയർത്തുന്നു. വർഗീയതയ്ക്കും ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തിനും എതിരെ സംസാരിക്കുന്ന ഒരാളായിട്ടാണ് രാഹുൽ ഗാന്ധിയെ കാണുകയും ആരാധിക്കുകയും ചെയ്യുന്നത്. അതിൽ എനിക്ക് മറ്റൊരു അഭിപ്രായവുമില്ല. എന്നിരുന്നാലും, ചില വിഷയങ്ങളിൽ, ബിജെപിക്ക് അനുകൂലമായാണ് നിങ്ങൾ എന്റെ നിലപാട് മനസ്സിലാക്കിയത്. പക്ഷെ സർക്കാർ അനുകൂലമായും ഇന്ത്യ അനുകൂലമായുമാണ് ഞാൻ അത് കണ്ടത് ’ തരൂർ പറഞ്ഞു.
അന്താരാഷ്ട്ര കാര്യങ്ങളിൽ രാഷ്ട്രീയം സംസാരിക്കുകയല്ല, രാഷ്ട്രത്തിനുവേണ്ടി സംസാരിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘എന്റെ ആദ്യ തിരഞ്ഞെടുപ്പ് മുതൽ ഞാൻ ഇത് പറഞ്ഞുവരുന്നു. ശ്രീനാരായണ ഗുരു പറഞ്ഞതുപോലെ, മതം എന്തുതന്നെയായാലും, ഒരാൾ നല്ലവനായിരിക്കുക എന്നതാണ് പ്രധാനം, അതുപോലെ, രാഷ്ട്രീയം എന്തുതന്നെയായാലും, രാഷ്ട്രം അഭിവൃദ്ധി പ്രാപിക്കുക എന്നതാണ് പ്രധാനം.
പാർലമെന്റിൽ, ഞാൻ എപ്പോഴും പാർട്ടിയുടെ നിലപാടിനൊപ്പം നിൽക്കുന്നു. ഞാൻ എവിടെയും പോകുന്നില്ല. ഞാൻ കോൺഗ്രസിൽ തന്നെ തുടരുന്നു. തിരഞ്ഞെടുപ്പുകളിൽ സജീവമായി പങ്കെടുക്കുകയും യുഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്യും. പാർട്ടി മാറുമോ എന്ന് എന്നോട് മാത്രം ചോദിക്കുന്നത് എന്തുകൊണ്ടാണ് ? തരൂർ ചോദിച്ചു.
കൊച്ചിയിൽ നടന്ന ‘മഹാപഞ്ചായത്ത്’ പരിപാടിയിൽ അവഗണിക്കപ്പെട്ടതിൽ അതൃപ്തി പ്രകടിപ്പിച്ച ശശി തരൂരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ കോൺഗ്രസ് നേതൃത്വം പരിഹരിച്ചുവെന്നാണ് സൂചന . ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി ഡൽഹിയിൽ നടന്ന രണ്ട് മണിക്കൂർ നീണ്ട ചർച്ചയിലാണ് പ്രശ്നം പരിഹരിച്ചത്. നേതൃത്വവുമായി താൻ ക്രിയാത്മക ചർച്ചകൾ നടത്തിയതായും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുമെന്നും തരൂർ പറഞ്ഞു.

