കാസർഗോഡ്: മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം വിഷം കഴിച്ച് ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഉയരുന്നു. കടമ്പാറിലെ പെയിന്റിംഗ് തൊഴിലാളിയായ അജിത് (35), സ്വകാര്യ സ്കൂൾ അധ്യാപികയായ ശ്വേത (27) എന്നിവരാണ് മരിച്ചത്.
ദമ്പതികൾ നിരവധി പേരിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായി നാട്ടുകാർ പറയുന്നു. പണമിടപാടുകാർ ശ്വേതയെ റോഡിൽ വെച്ച് മർദിക്കുന്നതിന്റെ ചില വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. സ്കൂട്ടറിൽ എത്തിയ രണ്ട് സ്ത്രീകൾ ശ്വേതയെ മർദിക്കുന്നതായി വീഡിയോയിൽ കാണാം. ഈ സ്ത്രീകളെ തിരിച്ചറിയാൻ പോലീസ് അന്വേഷണം നടത്തുകയാണ്.
അതേസമയം, തന്റെ സഹോദരന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലെന്ന് അജിത്തിന്റെ സഹോദരി പറയുന്നു. നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ദമ്പതികളുടെ ബന്ധുക്കൾ പരാതി നൽകിയാൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്കുള്ള തിരിച്ചടവ് വൈകിയതിനെ തുടർന്ന് ചിലർ ദമ്പതികളെ ഭീഷണിപ്പെടുത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ശ്വേത കടമ്പാറിലെ ഒരു സ്വകാര്യ സ്കൂളിലാണ് ജോലി ചെയ്തിരുന്നത്. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും അവർ വളരെ സജീവമായിരുന്നുവെന്നും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് അവർ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് അജിത്ത് ശ്വേതയെയും മകനെയും ബണ്ടിയോഡിലുള്ള തന്റെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. കുറച്ചു സമയം അവിടെ ചെലവഴിച്ച ശേഷം, അജിത്തും ശ്വേതയും മകനെ സഹോദരിയുടെ വീട്ടിൽ ഏൽപ്പിച്ച് ഒരിടം വരെ പോകണമെന്ന് പറഞ്ഞു പോകുകയായിരുന്നു. പിന്നീടാണ് ഇവരെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്.

