ന്യൂഡൽഹി: എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്ന ശുദ്ധീകരിക്കണമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ പരാമർശങ്ങൾ വളച്ചൊടിച്ചതാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി . രണ്ട് മാസം മുമ്പ് ഡൽഹിയിൽ നടന്ന മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസംഗത്തിലെ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്ലോബൽ നായർ കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടു. ‘ശുദ്ധീകരണം’ എന്ന വാക്ക് പോലും തെറ്റായി മനസ്സിലാക്കപ്പെട്ടു. വന്ദേമാതരം ആലപിക്കുമ്പോൾ കൈകൾ ശുചിയാക്കുന്ന പ്രവൃത്തിയെപ്പോലും ചിലർ തെറ്റായി ചിത്രീകരിച്ചു,’ അദ്ദേഹം പറഞ്ഞു. ഗ്ലോബൽ നായർ സമാജവും എൻ.എസ്.എസ്. ഡൽഹിയും സംയുക്തമായി സംഘടിപ്പിച്ച ഗ്ലോബൽ നായർ കോൺഫറൻസ് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഉദ്ഘാടനം ചെയ്തു. മലയാളികൾ ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഡൽഹിയുടെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഡൽഹി ദിനംപ്രതി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു
മലയാളികൾ കഠിനാധ്വാനികളാണെന്ന് പറഞ്ഞ അവർ, ഡൽഹിയിൽ മന്നത്ത് പത്മനാഭന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്നും അറിയിച്ചു.

