തിരുവനന്തപുരം : മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി റാങ്ക് ഹോൾഡേഴ്സ് സമരസമിതി നേതാവ് എസ് വളർമതി . പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാമെന്ന് വി ഡി സതീശൻ തെളിയിച്ചുവെന്ന് വളർമതി പറഞ്ഞു. സർക്കാരിന്റെ ധാർഷ്ട്യമാണ് സമരപ്പന്തൽ പൊളിക്കുന്നതിലൂടെ കണ്ടതെന്നും വളർമതി പറഞ്ഞു.
‘ പ്രതിപക്ഷത്തിരിക്കുമ്പോൾ എന്തും പറയാം ഭരണത്തിൽ വരുമ്പോൾ അങ്ങനെയല്ല എന്ന് മന്ത്രി കെ എം ഷാജി പോലും പറഞ്ഞത് നമ്മൾ കേട്ടതാണ് . അച്ച് പോലെ ഇവർ എല്ലാവരും ഇതേ രീതിയിലാണോ ചിന്തിക്കുന്നത് എന്ന് മനസിലാകുന്നില്ല.
പ്രതിപക്ഷത്തിരിക്കുന്ന സമയത്ത് ഞങ്ങൾ അത് ചെയ്യും , ഇത് ചെയ്യും നിങ്ങൾ പറയുന്നതെല്ലാം ശരിയാണ് എന്ന് പറയുന്നു. എ ഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലടക്കം നമ്മളെ വിളിച്ച് സംസാരിച്ചു. നിങ്ങള്‍ ആവശ്യപ്പെട്ടത് നൂറ് ശതമാനം ശരിയാണ്, അനുപാതം കുറച്ചേ പറ്റൂ, ഞങ്ങള്‍ അധികാരത്തിൽ വന്നാൽ അത് ചെയ്യും എന്നെല്ലാം പറഞ്ഞ സർക്കാർ എന്തുകൊണ്ട് ഇപ്പോൾ മുഖം തിരിക്കുന്നു എന്ന് അവർ തന്നെ പറയണം . പറയുന്നതൊന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്.
തലമുണ്ഡനം ചെയ്തപ്പോൾ കണ്ണീര് വന്ന സർക്കാരിന് എന്തുകൊണ്ട് വലിച്ചിഴച്ച് കൊണ്ടുപോകേണ്ടി വന്നു. ഒരു തവണയല്ല ,രണ്ട് തവണ. ആ ധാർഷ്ട്യം ആണ് കഴിഞ്ഞ ദിവസം സമരപ്പന്തൽ പൊളിച്ച് നീക്കുന്നതിൽ നിന്ന് മനസിലായത്. നിലപാടുകളുടെ രാജകുമാരൻ എന്ന് പറയുന്ന് വ്യക്തി നിലപാടുകൾ മാറ്റി പറയുകയാണ്. ഞങ്ങൾ പറയുമ്പോൾ വൈരാഗ്യം കൂടുകയും, ഞങ്ങളെ ശത്രുപക്ഷത്ത് നിർത്തുകയുമാണ് . അവർ ആദ്യം ആത്മപരിശോധന നടത്തണം . ‘ – വളർമതി പറഞ്ഞു.
അതേസമയം ആരോഗ്യനില വഷളായതിനെ തുടർന്ന് വളർമതിയെ വീണ്ടും ആശുപത്രിയിലേയ്ക്ക് മാറ്റി . സമരപ്പന്തല്‍ പൊളിച്ചതിന് പിന്നാലെ ഉദ്യോഗാര്‍ഥികള്‍ക്ക് രാഷ്ട്രീയ പിന്തുണയേറുകയാണ്.

