തിരുവനന്തപുരം : പതിനാറുകരൻ സ്കൂട്ടറുമായി റോഡിലിറങ്ങിയ സംഭവത്തിൽ നടപടികൾ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കുട്ടിക്ക് ഇനി 18 വയസ്സ് ആയാലും ലൈസൻസ് ലഭിക്കില്ല, ഇതിന് 25 വയസ്സ് വരെ കാത്തിരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് വർക്കല പാളയംകുന്ന് ഭാഗത്തേക്ക് ഇരുചക്ര വാഹനം ഓടിച്ചു പോവുകയായിരുന്ന കുട്ടിയെ ശ്രദ്ധയിൽപ്പെടുന്നത്.
പിന്നീട് പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അമ്മയാണ് വാഹനം ഓടിക്കാനുള്ള അനുമതി നൽകിയതെന്ന് കണ്ടെത്തുന്നത്. തുടർന്ന് മോട്ടോർ വെഹിക്കിൾ ആക്ട് 199 എ, ബി എൻ എസ് 125, കെ പി ആക്ട് 118 എന്നിവ പ്രകാരം കുട്ടിയുടെ അമ്മയ്ക്കെതിരെ അയിരൂർ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ 25000 രൂപപിഴയോ, മൂന്നുവർഷം തടവു ശിക്ഷയോ അല്ലെങ്കിൽ രണ്ടും കൂടി ഒരുമിച്ചോ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
വാഹനത്തിന്റെ രജിസ്ട്രേഷൻ 12 മാസത്തേക്ക് റദ്ദ് ചെയ്യാവുന്നതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.