കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ . കേസിലെ പ്രതിയും അനാട്ടമി വിഭാഗം മേധാവിയുമായ ഡോ. എം.കെ. റാം പ്രശ്നക്കാരനായ വ്യക്തിയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
എം.കെ. റാം പതിവായി മോശം ഭാഷ ഉപയോഗിക്കാറുണ്ടെന്നും, ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നുമാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. പെൺകുട്ടികളെ ഉപദ്രവിക്കാൻ ആൺകുട്ടികളെ നിർബന്ധിക്കുമെന്ന് ഒരു വിദ്യാർത്ഥിനിയും ആരോപിച്ചു. നിതിന്റെ മരണത്തിൽ ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. എം. സംഗീത എന്നിവരെ പ്രതികളാക്കി പോലീസ് കേസെടുത്തു.
‘സമാനമായ അനുഭവങ്ങൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട്, പക്ഷേ പുറത്തുപറയാൻ ഭയമായിരുന്നു. ഈ അധ്യാപകനെ അറിയാവുന്നവരാണ് ഇൻവിജിലേറ്റർമാരായി വരുന്നത്. പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ പരീക്ഷകളിൽ തോൽപ്പിക്കുമെന്ന് ഭീഷണി ഉണ്ടായിരുന്നു. അയാൾക്കെതിരെ പരാതികൾ നൽകിയിട്ടുണ്ട്. നിരവധി വിദ്യാർത്ഥികൾക്ക് മനഃപൂർവ്വം കുറഞ്ഞ മാർക്ക് നൽകി പരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞു. ഇത് കണ്ടതോടെ ഇതുവരെ ആരും പരാതിപ്പെടാൻ ധൈര്യപ്പെട്ടില്ല. സംഗീത മാഡത്തെക്കുറിച്ച് ഇവിടെയുള്ള എല്ലാവർക്കും നല്ല അഭിപ്രായമാണ്. ഒരു മുതിർന്ന വ്യക്തി ഇങ്ങനെ പെരുമാറുമ്പോൾ അവർക്ക് പ്രതികരിക്കാൻ കഴിയാതെ വന്നേക്കാം. അതുകൊണ്ടായിരിക്കാം അവർ മൗനം പാലിച്ചത്,’ വിദ്യാർത്ഥിനികൾ പറഞ്ഞു.
നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. പോലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച്, ഡെമോക്രാറ്റിക് മഹിളാ അസോസിയേഷനുമായി ചേർന്ന് കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ക്യാമ്പസിൽ അതിക്രമിച്ച് കയറി കുത്തിയിരിപ്പ് സമരം നടത്തിയ കെഎസ്യു പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

