വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . യൂറോപ്പിലെ ഒത്തുതീർപ്പ് ചർച്ചകളിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പങ്കെടുക്കുമെന്നും ട്രംപ് പറഞ്ഞു. ജോർജിയയിൽ നടന്ന റാലിയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, ഈ വിഷയത്തിൽ അമേരിക്കയുമായി ഒരു കരാറിലും എത്തിയിട്ടില്ലെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ട്രംപിന്റെ വഞ്ചനാപരമായ നീക്കമാണിതെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി
‘ഇറാനുമായുള്ള യുദ്ധത്തിൽ ഒരു പ്രധാന കരാറിലെത്തി. ഒപ്പുവെച്ചാലുടൻ ഹോർമുസ് തുറക്കും. ഒപ്പുവയ്ക്കൽ ഈ ആഴ്ച യൂറോപ്പിൽ ആയിരിക്കും. കരാർ ഒപ്പിടുന്നതിൽ വാൻസ് പങ്കെടുക്കും. ഇതിന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്തബ ഖമേനിയുടെ ഉത്തരം ‘അതെ’ ആണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കരാറിന്റെ ഭൂരിഭാഗവും അന്തിമരൂപത്തിലാക്കിയിട്ടുണ്ടെങ്കിലും ചില വിഷയങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഗായ് പറഞ്ഞതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഈ വിഷയത്തിൽ ഞങ്ങൾ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ബന്ധപ്പെട്ട കക്ഷികൾ കാര്യങ്ങൾ പുനഃപരിശോധിക്കുകയാണ്’ എന്ന് അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും വെനിസ്വേലയെപ്പോലെ ഇറാന്റെ എണ്ണയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കുമെന്നും യുഎസ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് യുദ്ധം അവസാനിച്ചെന്ന പ്രഖ്യാപനം.

