കോഴിക്കോട് ; പയ്യോളിയിൽ മൂന്ന് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. പയ്യോളി മുൻസിപ്പാലിറ്റിയിലെ തച്ചൻ കുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. പനിയും, മറ്റ് ലക്ഷണങ്ങളും ഉള്ളാ കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനഫലം പുറത്ത് വന്നപ്പോഴാണ് കുട്ടിയ്ക്ക് ഷിഗെല്ലയാണെന്ന് വ്യക്തമായത്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധയില്ല. പ്രദേശത്തെ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. കോഴിക്കോട് ഇതുവരെ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 43 കാരന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
രോഗബാധിതനുമായി ബന്ധപ്പെട്ട 77 പേരുടെ കോൺടാക്റ്റ് ലിസ്റ്റ് അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. കോൺടാക്റ്റ് ലിസ്റ്റിൽ 58 ആരോഗ്യ പ്രവർത്തകരും 14 കുടുംബാംഗങ്ങളും ഉൾപ്പെടുന്നു. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ ക്വാറന്റീനിലാണ്.
രോഗബാധിതന്റെ നീക്കങ്ങൾ വിശദീകരിക്കുന്ന റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അണുബാധയുടെ രണ്ട് സാധ്യതയുള്ള ഉറവിടങ്ങൾ ഉദ്യോഗസ്ഥർ നിലവിൽ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.
രോഗി ജോലി ചെയ്തിരുന്ന വെയർഹൗസിൽ നിന്ന് വൈറസ് പടരാനുള്ള സാധ്യത വളരെ കുറവാണ്. രോഗിയുടെ വീട്ടുവളപ്പിൽ നിന്ന് കഴിച്ച സപ്പോട്ട പഴങ്ങളിലൂടെയാണ് അണുബാധ ഉണ്ടായതെന്ന സാധ്യതയ്ക്കാണ് ആരോഗ്യ അധികൃതർ കൂടുതൽ പ്രാധാന്യം നൽകുന്നത്. വവ്വാലുകൾ പഴങ്ങൾ ഭാഗികമായി കഴിച്ചിരിക്കാമെന്നാണ് നിഗമനം.

