കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് ചോർത്തിയെന്നാരോപിച്ച് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയുടെ നിർണായക നടപടി . മെമ്മറി കാർഡും പെൻഡ്രൈവും രജിസ്ട്രാർക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. മുദ്രവച്ച കവറിൽ ഹാജരാക്കാനാണ് വിചാരണ കോടതിയോട് കോടതി നിർദ്ദേശിച്ചത് . ജസ്റ്റിസ് ഡയസിന്റെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ, രണ്ട് ജഡ്ജിമാർ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു . ജസ്റ്റിസ് കൗസർ എടപ്പഗത്തും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യനുമാണ് പിന്മാറിയത്.
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതിൽ പുനരന്വേഷണം ആവശ്യപ്പെട്ടാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേസിൽ വിശദമായ വാദം കേൾക്കുമെന്ന് പറഞ്ഞു. ഒരു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ മറുപടി സമർപ്പിക്കാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ നിയമവിരുദ്ധമായി പരിശോധിച്ചതായാണ് ആരോപണം. കോടതിയുടെ മേൽനോട്ടത്തിൽ പുതിയ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മെമ്മറി കാർഡ് ഹൈക്കോടതിയുടെ കസ്റ്റഡിയിലേക്ക് മാറ്റണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകയായ വൃന്ദ ഗ്രോവർ വഴിയാണ് അതിജീവിത പുതിയ ഹർജി സമർപ്പിച്ചത്.

