തിരുവനന്തപുരം : മാസപ്പടി കേസിൽ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നും, അത് ലഭിച്ചാലുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല . ആരും ഇക്കാര്യത്തിൽ സമാധാനിക്കേണ്ടതില്ലെന്നും, നിയമോപദേശം ഇന്നായാലും നാളെയായാലും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പണം കൈപ്പറ്റി എന്ന ആരോപണത്തിൽ ആശങ്കയില്ലെന്നും, ഇക്കാര്യത്തിൽ നേരത്തെ തന്നെ വിശദീകരണം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മെസ്സിയുടെ പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും, ആരെയും അറസ്റ്റ് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
‘റിപ്പോർട്ടർ ടിവിയുടെ സംപ്രേഷണം ഒരു നിമിഷം പോലും തടസ്സപ്പെട്ടിട്ടില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എല്ലാം എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് നടന്നത്. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കുക എന്നത് യുഡിഎഫ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളിലൊന്നാണ്.
കേരളത്തിലെ മാധ്യമപ്രവർത്തകർക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അവരുടെ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്ന നടപടികളൊന്നും പോലീസ് സ്വീകരിക്കില്ല. മാധ്യമപ്രവർത്തകർക്ക് കേരളത്തിൽ നിർഭയം പ്രവർത്തിക്കാം. മുൻ സർക്കാരിന്റെ കാലത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ സർക്കാരിനെ വിലയിരുത്തേണ്ടത്,’ അദ്ദേഹം പറഞ്ഞു.

