ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയ്ക്കെതിരെ കോൺഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രംഗത്ത് . പ്രതിപക്ഷ പാർട്ടികളെ പിളർത്താൻ ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒത്തുചേർന്ന് പ്രവർത്തിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ശിവസേനയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയും ഉൾപ്പെട്ട മുൻകാല തർക്കങ്ങളെ എക്സ് പോസ്റ്റിൽ പരാമർശിച്ച രാഹുക് ഗാന്ധി, സമാനമായ രീതി ഇപ്പോൾ തൃണമൂൽ കോൺഗ്രസിന്റെ കാര്യത്തിലും ആവർത്തിക്കുകയാണെന്ന് ആരോപിച്ചു.
“വോട്ട് മോഷണം”, “സർക്കാർ മോഷണം”, ഇപ്പോൾ “പാർട്ടി മോഷണം” എന്നിവ ഇന്ത്യയുടെ ജനാധിപത്യ തകർച്ചയുടെ അടയാളങ്ങളായി മാറി . ജനവിധി സംരക്ഷിക്കുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെടുന്നു . ഈ വിഷയം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയിൽ മാത്രം ഒതുങ്ങുന്നതല്ല, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും വോട്ടർമാരെയും ഇത് ബാധിക്കും.‘ എന്നും രാഹുൽ പറഞ്ഞു .
കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസും, വിമതവിഭാഗവും തമ്മിലുള്ള തർക്കത്തിനിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നവും, പേരും വിലക്കിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 1968-ലെ തിരഞ്ഞെടുപ്പ് ചിഹ്ന (സംവരണവും അനുവദിക്കലും) ഉത്തരവിലെ 15-ാം ഖണ്ഡിക പ്രകാരം തർക്കത്തിൽ ഗൗരവകരമായ ഒരു തീരുമാനം ആവശ്യമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ്, അടിസ്ഥാനപരമായ സംഘടനാ തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർന്നും പരിശോധിക്കും. അതുവരെ, ഇടക്കാല ക്രമീകരണം നിലനിൽക്കും.

