കോട്ടയം : ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി . ബുധനാഴ്ചയാണ് കേസിലെ വിചാരണ പൂർത്തിയായത്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.
വിജിലൻസ് പരിശോധനയിൽ ഇത്രയും തുക സമ്പാദിച്ചതായി കണ്ടെത്തിയെങ്കിലും, അതിന് ആനുപാതികമായ വരുമാനത്തിന്റെ കണക്ക് നൽകാൻ തച്ചങ്കരിക്ക് കഴിഞ്ഞില്ല. അന്വേഷണ കാലയളവിൽ വരുമാനത്തേക്കാൾ 135.80 ശതമാനം അധികം സ്വത്ത് അദ്ദേഹം സമ്പാദിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. സർവീസിലിരിക്കെ വരുമാനത്തിനപ്പുറം വീടുകൾ, ഫ്ലാറ്റുകൾ, വസ്തുവകകൾ, മറ്റ് ആസ്തികൾ എന്നിവ സമ്പാദിച്ചെന്നാരോപിച്ച് ബോബി കുരുവിള നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
2007-ൽ തച്ചങ്കരിക്ക് ഡിഐജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം ഡിവൈഎസ്പിയുടെ (DySP) നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. കുറ്റപത്രം സമർപ്പിക്കുമ്പോഴേക്കും തച്ചങ്കരി സ്ഥാനക്കയറ്റം നേടിയിരുന്നു. ആഭ്യന്തര വകുപ്പിലെ മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ആദായനികുതി ഉദ്യോഗസ്ഥർ, തച്ചങ്കരിയുടെ സഹോദരി എന്നിവരെ പ്രതിഭാഗം സാക്ഷികളായി വിസ്തരിച്ചു.

