മലപ്പുറം : എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് കോളേജ് ഗസ്റ്റ് ലക്ചറർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ . മലപ്പുറം മാമ്പാട് എംഇഎസ് കോളേജിലെ ലക്ചററായ സുഹൈൽ പെരിങ്ങോടൻ (31), നിലമ്പൂരിലെ ബ്യൂട്ടി പാർലർ ഉടമ സുബ്രഹ്മണ്യൻ (38), വിവേക് (36), എടവണ്ണ സ്വദേശി റീന എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം സബ് ഇൻസ്പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. സുബ്രഹ്മണ്യന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്ന് വിൽപ്പന നടന്നിരുന്നത്. പോലീസ് നേരത്തെ ഈ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എംഡിഎംഎയും 0.5 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുഹൈലിനെ കണ്ടെത്തിയത്.
മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാരിൽ നിന്നാണ് ഇവർ ലഹരിമരുന്ന് വാങ്ങിയിരുന്നത്. ലക്ചററായ സുഹൈൽ, നിലമ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും ലഹരിമരുന്ന് വിറ്റിരുന്നതായി കണ്ടെത്തി.
സുഹൈലിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തില്ലെങ്കിലും, താൻ സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുകയും വിൽക്കുകയും ചെയ്തിരുന്നതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാളുടെ വാട്സാപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും പരിശോധിച്ചതിലൂടെ ഉദ്യോഗസ്ഥർ ഇക്കാര്യം സ്ഥിരീകരിച്ചു.

