കൊൽക്കത്ത : തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പുതിയ പേരുമായി ടി എം സി വിമതവിഭാഗം. തൃണമൂൽ കോൺഗ്രസ് പേരിന് പകരമായി “ദേശസാൽകൃത തൃണമൂൽ കോൺഗ്രസ്”, “ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്” എന്നീ പേരുകൾ ഋതബത്ര ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ അവതരിപ്പിച്ചു. . ചിഹ്നങ്ങളുടെ കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ടിഎംസിയും പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും വിവരങ്ങൾ പോളിംഗ് പാനലിന് സമർപ്പിച്ചു.
കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസും, വിമതവിഭാഗവും തമ്മിലുള്ള തർക്കത്തിനിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നവും, പേരും വിലക്കിയുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് . ഇന്ന് പുതിയ പേരും,ചിഹ്നവും സമർപ്പിക്കാൻ നിർദേശവും നൽകി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവ് “നിയമവിരുദ്ധമാണ്” എന്ന് മമത ബാനർജിയുടെ നേതൃത്വത്തിലുള്ള ക്യാമ്പ് വിശേഷിപ്പിച്ചപ്പോൾ, വിമത വിഭാഗം തീരുമാനത്തെ സ്വാഗതം ചെയ്തു. അതിനു പിന്നാലെയാണ് വിമതവിഭാഗവും പുതിയ പേരുമായി രംഗത്തെത്തിയത്.
ഒക്ടോബർ ആറിന് പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. ഹുമയൂൺ കബീറിൻ്റെ രാജിയെ തുടർന്ന് റെജിനഗർ സീറ്റും സുവേന്ദു അധികാരിയുടെ രാജിയെ തുടർന്ന് നന്ദിഗ്രാം സീറ്റും ഒഴിഞ്ഞുകിടക്കുകയായിരുന്നു. നന്ദിഗ്രാമിൽ ഋതബ്രത ബാനർജിയുടെ വിമത തൃണമൂൽ വിഭാഗം മുഹമ്മദ് എതേഷാമുൽ ഹഖിനെയാണ് മത്സരിപ്പിക്കുന്നത്. അതേസമയം മമത ബാനർജി വിഭാഗത്തിൽ നിന്നാണ് സഞ്ചിത പ്രധാൻ മത്സരിക്കുന്നത്. റെജിനഗർ ഉപതെരഞ്ഞെടുപ്പിൽ ഋതബ്രത ബാനർജി വിഭാഗം സഫിയുദ്ദീൻ ഷെയ്ഖിനെയും മമത റബീഉൽ ആലം ചൗധരിയെയും സ്ഥാനാർത്ഥിയാക്കി.

