തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെട്ട കൈക്കൂലി കേസിലും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരായ ഹവാല കേസിലും അന്വേഷണം നടത്താൻ വിജിലൻസ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഡി.ഐ.ജി. തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഇതുസംബന്ധിച്ച ഔദ്യോഗിക സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഈ രണ്ട് കേസുകളിലും പിണറായിയുടെ മകൾ വീണയാണ് രണ്ടാം പ്രതി. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തേണ്ടതിനാലാണ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചത്.
പിണറായിക്കെതിരായ കേസിൽ എസ്.പി. ഇ.എൻ. സുരേഷും, റിയാസിനെതിരായ കേസിൽ കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. ബാലകൃഷ്ണനും അന്വേഷണത്തിന് നേതൃത്വം നൽകും. അതേസമയം, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ, മകൾ വീണ, റിയാസ് എന്നിവർ നൽകിയ ഹർജികളിൽ കഴിഞ്ഞ ദിവസം കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതെന്നും, മുഖ്യമന്ത്രി തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സി.എം.ആർ.എൽ. എന്ന കമ്പനിക്ക് അനുകൂലമായ നടപടികളൊന്നും സ്വീകരിച്ചതായി ഇ.ഡി.യുടെ കത്തിൽ പറയുന്നില്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരുന്നത്. എന്നാൽ പ്രത്യേകാനുമതി ഹർജി വിധി പറയാനായി കോടതി മാറ്റുകയായിരുന്നു.

