കൊച്ചി : മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി നോട്ടീസിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ സത്യവാങ്മൂലം സമർപ്പിച്ചു. ഹർജി തനിക്കെതിരായ രാഷ്ട്രീയ പ്രേരിത ആക്രമണമാണെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തിൽ പറഞ്ഞു. പൊതുതാൽപ്പര്യ ഹർജിയുടെ പരിധിയിൽ ഈ ഹർജി വരുന്നില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറയുന്നു.
ഹർജിക്കാരനായ പത്രപ്രവർത്തകൻ എം.ആർ. അജയന് കേസിൽ നേരിട്ടുള്ള വിവരങ്ങളോ പങ്കാളിത്തമോ ഇല്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹർജി. ഇത് തന്നെയും മകളെയും പ്രത്യേകമായി ലക്ഷ്യം വച്ചുള്ളതാണെന്നും പിണറായി കൂട്ടിച്ചേർത്തു.
സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) അന്വേഷണം ഇതിനകം നടക്കുന്നതിനാൽ, മറ്റ് കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടതാണ് കേസെന്നും കോടതി ചൂണ്ടിക്കാട്ടി. എം.ആർ. അജയന്റെ ഹർജിയിൽ ഹൈക്കോടതി പുറപ്പെടുവിച്ച നോട്ടീസിന് മറുപടിയായാണ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.