ആലപ്പുഴ: സംഘം ചേർന്നുള്ള പരസ്യമദ്യപാനത്തിനിടെ കായംകുളം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവും കൂട്ടാളികളും എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. തകഴി പാലത്തിനടിയിൽ നിന്നുമാണ് ഇവർ പിടിയിലായത്.
കനിവിന്റെ ഒപ്പമുണ്ടായിരുന്ന അഭിഷേക് എന്ന സുഹൃത്തിന്റെ പോക്കറ്റിൽ നിന്നും കഞ്ചാവ് കണ്ടെത്തിയെന്നാണ് വിവരം. മൂന്നു ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. കുട്ടനാട് എക്സൈസ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു നടപടി.
എംഎൽഎയുടെ മകൻ കനിവിനൊപ്പം 9 സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തതായാണ് വിവരം. തുടർന്ന് കേസ് എടുത്തതിനുശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി എം എൽ എ രംഗത്തെത്തി. മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്സൈസ് പിടികൂടിയതെന്നും അവർ ഫേസ്ബുക്ക് വീഡിയോയിൽ പറഞ്ഞു. മകന്റെ പക്കൽ നിന്നും കഞ്ചാവ് കണ്ടെടുത്തുവെന്ന വ്യാജ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും എം എൽ എ കൂട്ടിച്ചേർത്തു.
ഇല്ലാത്ത വാർത്തകൊടുത്ത മാധ്യമങ്ങൾ അത് പിൻവലിക്കണമെന്നും മാപ്പുപറയണമെന്നും എം എൽ എ ആവശ്യപ്പെട്ടു. നാട്ടിൻപുറത്ത് നടന്ന സാധാരണ സംഭവമാണ് ഇത്. വാർത്ത തന്റെ ചുറ്റും നിൽക്കുന്നവരെ ഒരുപാട് വിഷമിപ്പിച്ചുവെന്നും യു. പ്രതിഭ പറഞ്ഞു.