കോഴിക്കോട്: ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരം ബയോ പാർക്കിന് സമീപമുള്ള തണ്ണീർത്തടത്തിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താൻ ഉപയോഗിച്ച കല്ലുകളും കണ്ടെത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഒരു മാസത്തോളമായി പോലീസ് മൃതദേഹം തിരയുകയായിരുന്നു.
വിജിലിന്റേതാണെന്ന് സംശയിക്കുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു . ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയത്. ഇതോടെ കേസിൽ നിർണായക തെളിവുകൾ ലഭിച്ചു. വിജിലിനെ തണ്ണീർത്തടത്തിൽ കുഴിച്ചിട്ടതായി സുഹൃത്തുക്കൾ വെളിപ്പെടുത്തിയിരുന്നു . വിജിലിനെ കാണാതായ കേസിൽ എലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൃത്തുക്കളെ സംശയിച്ചെങ്കിലും കൂടുതൽ അന്വേഷണം എങ്ങും എത്തിയില്ല. സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന്റെ നിർദ്ദേശപ്രകാരം പുതുതായി എത്തിയ എസ്എച്ച്ഒ രഞ്ജിത്ത് കെ ആർ കേസ് ഏറ്റെടുത്തതോടെ അന്വേഷണത്തിൽ വഴിത്തിരിവായി. വിജിലിന്റെ സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവരാണ് എലത്തൂർ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. രണ്ടാം പ്രതി പ്രതിയായ രഞ്ജിത്തിനായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ, ലഹരി മരുന്ന് ഉപയോഗിക്കാനായി തങ്ങൾ ഒത്തുകൂടിയെന്നും, എന്നാൽ അമിത അളവിൽ ലഹരി ഉള്ളിൽ ചെന്ന വിജിൽ ബോധരഹിതനായെന്നും, പിന്നാലെ വിജിൽ മരിച്ചുവെന്നും , ആരും അറിയാതിരിക്കാൻ മൃതദേഹം ചതുപ്പിൽ കുഴിച്ചിട്ടതായും സുഹൃത്തുക്കൾ വെളിപ്പെടുത്തി. പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോടുള്ള അനാദരവ് തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

