അർജുൻ അശോകനെ കേന്ദ്ര കഥാപാത്രമാക്കി, അഭിലാഷ് പിള്ളയുടെ രചനയിൽ നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്ത ഇമോഷണൽ ത്രില്ലർ ചിത്രമാണ് ആനന്ദ് ശ്രീബാല. ആത്മഹത്യ ചെയ്തുവെന്ന് പോലീസും നാട്ടുകാരും വിശ്വസിക്കുന്ന, വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മെറിന്റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്റെയും കഥയാണ് ചിത്രം പറയുന്നത്.
കേരളം ചർച്ച ചെയ്ത ഒരു യഥാർത്ഥ സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറ പ്രവർത്തകർ നേരത്തേ തന്നെ സൂചന നൽകിയിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും നേടി ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, സി എ വിദ്യാർത്ഥിനിയായിരിക്കവെ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മിഷേൽ ഷാജിയുടെ പിതാവ് ഷാജിയുടെ പ്രതികരണം ശ്രദ്ധേയമാകുകയാണ്. കേരളം മറന്ന് തുടങ്ങിയ മിഷേലിന്റെ മരണം ആനന്ദ് ശ്രീബാലയിലൂടെ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഷാജിയുടെ വാക്കുകൾ: “പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ചിത്രത്തിൽ എടുത്ത് കാണിക്കുന്നുണ്ട്. പോലീസ് പ്രതികളോടൊപ്പം കൂടിനിന്ന് അവരെ സംരക്ഷിച്ചുകൊണ്ട് ഏത് കൊലപാതകവും ജീവനൊടുക്കിയതാക്കുന്ന ഒരു പ്രതീതി ഇതിനകത്ത് അവര്‍ കൊണ്ടുവന്നിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഞങ്ങൾ നടന്ന വഴികളിലൂടെ വീണ്ടും യാത്ര ചെയ്തു. വനിത സ്റ്റേഷൻ, കസബ സ്റ്റേഷൻ സെൻട്രൽ സ്റ്റേഷൻ തുടങ്ങി ഓരോ സ്റ്റേഷനിലും കയറിയിറങ്ങിയ അനുഭവങ്ങൾ വളരെ മനോഹരമായി അവർ അവതരിപ്പിച്ചിട്ടുണ്ട്.”
2017 മാര്‍ച്ച് അഞ്ചിനാണ് മിഷേലിനെ കൊച്ചിയില്‍ കാണാതായത്. പിന്നീട് കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും എങ്ങുമെത്താതെ നീളുകയാണ്.
സംഭവ ദിവസം വൈകീട്ട് അഞ്ചിന് കലൂര്‍ സെയ്ന്റ് ആന്റണീസ് പള്ളിയിലെത്തി മടങ്ങുന്ന മിഷേലിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ പിറ്റേന്ന് വൈകീട്ട് ആറുമണിയോടെ ഐലന്‍ഡ് വാര്‍ഫില്‍ നിന്ന് മിഷേലിന്റെ മൃതദേഹം കണ്ടു കിട്ടുകയായിരുന്നു.
മകളെ ആരോ കരുതിക്കൂട്ടി കൊലപ്പെടുത്തിയതാണെന്നാണ് വീട്ടുകാരുടെ പരാതി. പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും യാതൊരു തുമ്പുമുണ്ടായില്ല. കേസ് സി.ബി.ഐ. ഏറ്റെടുക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.