കല്‍പ്പറ്റ: എംഡിഎംഎ കടത്തുന്നതിനിടെ പോലീസില്‍ നിന്ന് രക്ഷപ്പെടാൻ മലയടിവാരത്തിലേയ്ക്ക് ചാടിയയാളെ രക്ഷിച്ച് പൊലീസ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖിനെ (28) നെയാണ് വൈത്തിരി പൊലീസെത്തി രക്ഷപെടുത്തിയത് .
വെള്ളിയാഴ്ച ലക്കിടിയിലെ വയനാട് ഘട്ട് വ്യൂപോയിന്റില്‍ നിന്നാണ് ഇയാൾ ചാടി രക്ഷപെടാൻ ശ്രമിച്ചത് . വീഴ്ച്ചയിൽ കാലിന് പരിക്കേറ്റതിനാല്‍ നടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഷഫീഖെന്ന് പോലീസ് പറഞ്ഞു. ഷഫീഖിനെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന ഒരാളെക്കുറിച്ച് നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. രാത്രി മുഴുവന്‍ മഴയും തണുപ്പും വകവയ്ക്കാതെ ഭക്ഷണമില്ലാതെ കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഷഫീഖ് .
യുവാവിൽ നിന്ന് പിടിച്ചെടുത്ത എംഡിഎംഎ 20 ഗ്രാമിൽ കൂടുതലാണെന്ന് പോലീസ് സ്ഥിരീകരിച്ചു. 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുള്ള കുറ്റമാണിത് . വയനാട് ഗേറ്റ് ചെക്ക്പോസ്റ്റിൽ പോലീസ് ഷഫീക്കിന്റെ കാർ പരിശോധിക്കുന്നതിനിടെയാണ് ഷഫീഖ് ഇറങ്ങി ഓടിയത് .

