തിരുവനന്തപുരം: രണ്ടാമത്തെ ലൈംഗികാതിക്രമ കേസിലും എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തത്. പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എസ്.നസീറ ആണ് ഹര്‍ജി പരിഗണിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
രാഹുൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളിലാണ് ജാമ്യം . രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ കേസിൽ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. ആദ്യ കേസിലെ വാദം കേൾക്കൽ പുരോഗമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസിക്ക് ലഭിച്ച ഇമെയിൽ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്
ഹോം സ്റ്റേയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നു കാട്ടി, ബെംഗളൂരുവില്‍ താമസിക്കുന്ന 23 വയസ്സുകാരിയാണ് പരാതി നൽകിയത് . കേസിൽ പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്. എസ്പി പൂങ്കുഴലിയാണ് മൊഴി രേഖപ്പെടുത്തിയത് . കരഞ്ഞുകൊണ്ട് തന്നെ വെറുതെ വിടണമെന്ന് അപേക്ഷിച്ചിട്ടും രാഹുൽ തന്നെ ബലാത്സംഗം ചെയ്തതായി മൊഴിയിൽ പറയുന്നു. പലതവണ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ഭയം കാരണം നേരത്തെ ഒന്നും പുറത്തു പറഞ്ഞില്ലെന്നും യുവതി പറഞ്ഞു. ആദ്യം റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി കേസ് വീണ്ടും 15നാണ് പരിഗണിക്കുന്നത്.

